ദില്ലി: പൊതുശൗചാലയങ്ങളില്‍ മദ്യം വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതായി ദില്ലി വനിതാ കമ്മീഷന്‍. പൊതുശൗചാലയങ്ങളിലെ ഭൗതിക സാഹചര്യങ്ങള്‍ അറിയുന്നതിനായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്‍റെ നിര്‍ദേശത്തെ തുടര്‍ന്നാണ് വനിതാ കമ്മീഷന്‍ സന്ദര്‍ശനം നടത്തിയത്. ഈ സമയത്താണ് ചില സ്ത്രീകള്‍ ശൗചാലയങ്ങളില്‍ മദ്യം വില്‍ക്കുന്നതായി പരാതിപ്പെട്ടത്.

ശൗചലായങ്ങളില്‍ വെള്ളം വൈദ്യതി എന്നിവക്ക് പലപ്പോഴും തടസങ്ങള്‍ നേരിടുന്നതിനെ കുറിച്ച് പരാതികളുയര്‍ന്നിരുന്നു. വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലൈവാല്‍, ദില്ലി അര്‍ബന്‍ ഷെല്‍ട്ടര്‍ ഇപ്രൂവ്മെന്‍റ് ബോര്‍ഡ് സിഇഒ ഷുര്‍ബിര്‍ സിംഗ് എന്നിവരാണ് പൊതുശൗചാലയങ്ങള്‍ സന്ദര്‍ശിച്ചത്.

ഫെബ്രുവരി 12 നാണ് സന്ദര്‍ശനം നടത്തിയത്. ശൗചലായത്തിന്‍റെ മേല്‍നോട്ടക്കാരന്‍റെ മുറിയില്‍ നിന്ന് മദ്യംപിടിച്ചെടുത്തു. എന്നാല്‍ ഇയാളെ കണ്ടെത്താനായില്ല. മ്യൂസിക്ക് സിസ്റ്റവും ഡിജെ സെറ്റും മുറിയില്‍ നിന്ന് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് ചോദ്യം ചെയ്തു.