ദില്ലി: ദില്ലിയില്‍ മലയാളി വിദ്യാര്‍ത്ഥി രജത് മേനോന്‍ അടിയേറ്റ് മരിച്ച കേസ് ദില്ലി പൊലീസ് കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. കൂടിക്കാഴ്ചയ്‌ക്കെത്തിയ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ക്കാണ് ആഭ്യന്തരമന്ത്രി ഉറപ്പുനല്‍കിയത്. രജത്തിന്റെ കുടുംബത്തിനും മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥികള്‍ക്കും പൊലീസ് സംരക്ഷണം നല്‍കുമെന്നും രജ്‌നാഥ് സിംഗ് പറഞ്ഞു.

ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അംഗം പി കെ കൃഷ്ണദാസിന്റെ നേതൃത്വത്തിലാണ് കേരളത്തില്‍ നിന്നുള്ള സംഘം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെ വീട്ടിലെത്തി കണ്ടത്. മയൂര്‍വിഹാര്‍ ഫേസ് ത്രീയിലെ കഞ്ചാവ് മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായി നടപടിയെടുക്കണമെന്ന ആവശ്യവും കൂടിക്കാഴ്ചയില്‍ നേതാക്കള്‍ ഉന്നയിച്ചു.

അതിനിടെ മയൂര്‍ വിഹാര്‍ ഫേസ് ത്രീയിലെ കയ്യേറ്റങ്ങള്‍ ന്യൂഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഒഴിപ്പിച്ചു.രജത്തിനെ കൊലപ്പെടുത്തിയ തപോവന്‍ പാര്‍ക്കിന് സമീപമുള്ള നൂറോളം കടകളും പച്ചക്കറി വില്‍പ്പന ശാലകളും ലഹരി വില്‍പ്പന കേന്ദ്രങ്ങളും പൊളിച്ചുനീക്കി. മലയാളികളടക്കമുള്ള നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് നടപടി.