Asianet News MalayalamAsianet News Malayalam

രാജ്യദ്രോഹക്കുറ്റം; കനയ്യ കുമാര്‍ അടക്കം പത്ത് പേർക്കെതിരായ കുറ്റപത്രം ഇന്ന് സമർപ്പിക്കും

ജെഎൻയുവില്‍ അഫ്‌സല്‍ ഗുരു അനുസ്മരണം നടത്തിയ സമയത്ത് ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ചാണ് കനയ്യ കുമാര്‍, ഉമർ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവർക്കെതിരെ ദില്ലി പൊലീസ് കേസെടുത്തത്. 2016 ഫെബ്രുവരി ഒമ്പതിനാണ് സംഭവം. 

Delhi Police will file a chargesheet against Kanhaiya Kumar Umar Khalid and 8 others today
Author
New Delhi, First Published Jan 14, 2019, 2:26 PM IST

ദില്ലി: രാജ്യദ്രോഹക്കുറ്റം ചുമത്തിയ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെഎൻയു)യിലെ വിദ്യാര്‍ത്ഥികൾക്കെതിരെയുള്ള കുറ്റപത്രം പട്യാല ഹൗസ് കോടതിയിൽ ദില്ലി പൊലീസ് ഇന്ന് സമർപ്പിക്കും. മുൻ വിദ്യാർത്ഥി യൂണിയന്‍ പ്രസിഡണ്ട് കനയ്യ കുമാര്‍,  ഉമർ ഖാലിദ് എന്നിവർ അടക്കം പത്ത് പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിക്കുക.

ജെഎൻയുവില്‍ അഫ്‌സല്‍ ഗുരു അനുസ്മരണം നടത്തിയ സമയത്ത് ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ചാണ് കനയ്യ കുമാര്‍, ഉമർ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവർക്കെതിരെ ദില്ലി പൊലീസ് കേസെടുത്തത്. 2016 ഫെബ്രുവരി ഒമ്പതിനാണ് സംഭവം. 2001ലെ പാർലമെന്റ് ആക്രമണത്തിന്റെ സൂത്രധാരനായിരുന്നു അഫ്സൽ ഗുരു.

വിദ്യാർത്ഥികൾ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന ആരോപണത്തിനു തെളിവായി മൂന്ന് ചാനലുകള്‍ വീഡിയോ പുറത്തു വിട്ടിരുന്നു. ജെഎന്‍യുവിലെ എബിവിപി പ്രവര്‍ത്തകരാണ് ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ ആദ്യം പുറത്തുവിട്ടത്. തുടര്‍ന്ന് ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കാതെ ചാനലുകള്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. പിന്നീട് പുറത്തുവിട്ട ദൃശ്യങ്ങള്‍ വ്യാജമാണെന്ന തെളിവുകളുമായി മറ്റു ചില മാധ്യമങ്ങളും വിദ്യാര്‍ത്ഥികളും രംഗത്തെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീഡിയോ വ്യാജമാണെന്ന് ദില്ലി സര്‍ക്കാര്‍ കണ്ടെത്തുകയും ചാനലുകള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.  

ദില്ലി പൊലീസിന്റെ പ്രത്യേക സെല്ലാണ് കേസ് അന്വേഷിക്കുന്നത്. 2017 മാർച്ചിൽ രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചേര്‍ത്ത് ദില്ലി പൊലീസ് കരട് കുറ്റപത്രം തയ്യാറാക്കിയിരുന്നു. കുറ്റപത്രത്തില്‍ കനയ്യ കുമാര്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന് പറയുന്നില്ല. എന്നാല്‍ അന്ന് നടന്ന സംഭവങ്ങളെ തടുക്കാന്‍ കനയ്യ കുമാര്‍ ഇടപെട്ടില്ലെന്നും, കനയ്യ കുമാറിനെതിരെ ഏത് വകുപ്പാണ് ചാര്‍ത്തേണ്ടതെന്ന് കോടതിക്ക് തീരുമാനിക്കാമെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.       

Follow Us:
Download App:
  • android
  • ios