പശ്ചിമ ദില്ലിയില്‍ നാന്‍ഗ്ലോയി ഗവര്‍മെന്റ് ബോയിസ് സീനിയര്‍ സെകന്‍ഡറി സ്‌കൂളിലെ ഹിന്ദി അധ്യാപകന്‍ മുകേഷ് കുമാറാണ് വിദ്യാര്‍ത്ഥികളുടെ കത്തിക്കിരയായത്. ഹാജര്‍നില കുറഞ്ഞതിനെതിരെ നടപടിയെടുത്തതാണ് വിദ്യാര്‍ത്ഥികളെ പ്രകോപിപ്പിച്ചത്. പരീക്ഷയ്ക്ക് ശേഷം ഉത്തരക്കടലാസുകള്‍ ക്രമീകരിക്കുകയായിരുന്ന മുകേഷ് കുമാറിനെ മൂന്ന് തവണ വിദ്യാര്‍ത്ഥികള്‍ കുത്തി. മറ്റ് വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വച്ചായിരുന്നു ആക്രമണം. ആക്രമിച്ച വിദ്യാര്‍ത്ഥികളില്‍ ഒരാളെ അധ്യാപകന്‍ ക്ലാസ്സില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത വിദ്യാര്‍ത്ഥി സഹാപാഠിക്കൊപ്പം പരീക്ഷ ഹാളിലെത്തി അധ്യാപകനെ കുത്തുകയായിയിരുന്നു. ചികിത്സയില്‍ കഴിയവേയാണ് അധ്യാപകന്‍ മരിച്ചത്. പരീക്ഷകളില്‍ നിരവധി തവണ തോറ്റവരാണ് വിദ്യാര്‍ത്ഥികള്‍. ഇവര്‍ കുറച്ചുദിവസമായി മുകേഷ് കുമാറിനേയും പ്രധാന അധ്യാപകനേയും ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് മറ്റ് അധ്യാപകര്‍ പറഞ്ഞു. മൂന്ന് തവണ പരീക്ഷയില്‍ തോറ്റ ആറ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അധ്യാപകനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് മുകേഷിന്റെ ബന്ധുക്കളുടെ ആരോപണം. ആക്രമണ പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകര്‍ സ്‌കൂളിന് മുന്നില്‍ പ്രതിഷേധിച്ചു. അധ്യാപകന്റെ കുടുംബത്തിന് ദില്ലി സര്‍ക്കാര്‍ ഒരു കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു.