ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധം: പ്രകാശ് ജാവദേക്കറിന്‍റെ വസതിക്ക് സമീപം നിരോധനാജ്ഞ

ദില്ലി: സിബിഎസ്ഇ പരീക്ഷ ചോദ്യപ്പേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട പ്രതിഷേധം ശക്തമായതോടെ കേന്ദ്രമന്ത്രി പ്രകാവശ് ജാവദേക്കറിന്‍റെ വസതിക്ക് സമീപം നിരോധനാജ്ഞ. ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമായിരിക്കുകയാണ്.

സംഭവത്തില്‍ മന്ത്രിക്കെതിരായ ആരോപണങ്ങള്‍ ശക്തമാക്കുകായണ് വിദ്യാര്‍ഥി സംഘടനകള്‍. അതേസമയം ചോര്‍ച്ചയില്‍ ശക്തമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികളുണ്ടാകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചിരുന്നു. മോദി പ്രകാശ് ജാവദേക്കറുമായി ചര്‍ച്ച നടത്തുകയും ചെയ്തു. 

അതേസമയം ജാര്‍ഖണ്ഡില്‍ പത്താം ക്ലാസ്സ് വിദ്യാര്‍ഥികളായ ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. സംഭവുമായി ബന്ധപ്പെട്ട് ഇതുവരെ 30-ഓളം പേരെ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. ഇവരില്‍ ഭൂരിപക്ഷവും കോച്ചിംഗ് സെന്ററുകളില്‍ പഠിക്കുന്നവരോ പഠിപ്പിക്കുന്നവരോ ആണ്. സംശയമുള്ളവരുടെയെല്ലാം മൊബൈല്‍ ഫോണുകള്‍ പോലീസ് വിശദപരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ചോര്‍ന്ന ചോദ്യപേപ്പര്‍ കിട്ടിയതായാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. 35,000 രൂപയ്ക്ക് ചോദ്യപേപ്പര്‍ ചോര്‍ത്തിയെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ സൈബര്‍ വിവരങ്ങള്‍ ലഭിക്കാന്‍ ഗൂഗിളിനെ സമീപിക്കാനും അന്വേഷണ സംഘം നീക്കം നടത്തുന്നുണ്ട്.