ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലുമേറ്റ കനത്ത തോല്‍വിയും ഗോവയും മണിപ്പൂരും കൈവെള്ളയില്‍ നിന്ന് വഴുതിപ്പോയതും കേന്ദ്ര നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന് വിമര്‍ശനമുയരുന്ന സാഹചര്യത്തിലാണ് നേതൃമാറ്റമെന്ന ആവശ്യം ശക്തമാക്കുന്നത്. തെരഞ്ഞെടുപ്പുകളുടെ ചുക്കാന്‍ പിടിച്ചിരുന്ന രാഹുല്‍ ഗാന്ധി സംഘടനാ മാറ്റമുണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്ന ആവശ്യത്തില്‍ രാഹുല്‍ ഗാന്ധി ഇതുവരെ മറുപടി നല്‍കിയിട്ടില്ല. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് യുവാക്കളെ കൊണ്ടുവരുമ്പോള്‍ പ്രവര്‍ത്തന പരിചയമുള്ള പുതിയ നേതാക്കളെ പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തി ഘടനാപരമായ മാറ്റം കൊണ്ടുവരണമെന്നാണ് മണി ശങ്കര്‍ അയ്യര്‍ അടക്കമുള്ള ഒരു വിഭാഗം നേതാക്കളുടെ ആവശ്യം. എന്നാല്‍ നേതൃമാറ്റം വേണ്ടെന്ന നിലപാടാണ് മറ്റൊരു വിഭാഗം നേതാക്കള്‍ക്കുള്ളത്.
നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനം ഉയരുന്ന സാഹചര്യം മുതലാക്കി രാഹുല്‍ ഗാന്ധിയുമായി അടുത്ത് നില്‍ക്കുന്ന നേതാക്കളെ മാറ്റാനാണ് ഒരു വിഭാഗം നേതാക്കളുടെ ശ്രമം. സോണിയാ ഗാന്ധിയുടെ ചികിത്സാര്‍ത്ഥം വിദേശത്തുള്ള രാഹുല്‍ ഗാന്ധി തിരിച്ചെത്തിയാല്‍ കോണ്‍ഗ്രസില്‍ ഘടനാപരമായ മാറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകും.
