ദില്ലി: നോട്ട് അസാധുവാക്കല്‍ തീരുമാനം അരുണ്‍ ജയ്റ്റ്‌ലി ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാന്‍ പോകുന്ന കേന്ദ്ര ബജറ്റിനെ സ്വാധീനിക്കും. സ്വപ്ന ബജറ്റ് അവതരിപ്പിക്കാന്‍ ജയ്റ്റ്‌ലി തയ്യാറെടുക്കുന്നു എന്നാണ് സൂചന. ആദായനികുതി കുറയ്ക്കാനും ഗ്രാമീണ മേഖലയിലുള്ളവര്‍ക്ക് നേരിട്ട് പണം നല്കാനുമുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ പ്രതീക്ഷിക്കുന്നു.
നോട്ട് അസാധുവാക്കലിനു ശേഷം ആദായനികുതി പിരിവില്‍ വന്‍ വര്‍ദ്ധനവ് കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്. പ്രത്യേകിച്ച് ഒരു സ്വത്ത് വെളിപ്പെടുത്തല്‍ പദ്ധതി കൂടി സര്‍ക്കാര്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അടുത്ത ബജറ്റ് ജനപ്രിയമാക്കാനുള്ള അനുകൂല സാഹചര്യം സര്‍ക്കാരിനു മുന്നിലുണ്ട്. ആദായ നികുതി സ്ലാബുകളില്‍ മാറ്റം വരുത്തി സത്യസന്ധരായ നികുതി ദായകര്‍ക്ക് ആശ്വാസം നല്കാന്‍ ജയ്റ്റ്‌ലി തയ്യാറായേക്കും. പത്തു ലക്ഷം രൂപയുടെ വരെ വരുമാനത്തിന് ആദായ നികുതി വാങ്ങരുത് എന്ന നിര്‍ദ്ദേശവും ധനമന്ത്രാലയത്തിനു മുന്നിലുണ്ട്. എന്നാല്‍ ഒറ്റയടിക്ക് ഇതു നടപ്പാക്കാതെ ഇത്തവണ ഇളവിനുള്ള പരിധി രണ്ടര ലക്ഷത്തില്‍ നിന്ന് 4 ലക്ഷമായെങ്കിലും ഉയര്‍ത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. കുറഞ്ഞ ചെലവിലുള്ള വീടുകള്‍ ലഭ്യമാകാനുള്ള പദ്ധതിയാണ് രണ്ടാമത്തേത്. ഇതിനുള്ള ഭവന വായ്പാ നിരക്കുകള്‍ 5 ശതമാനം വരെയായി കുറയാം. വ്യവസായ മേഖലയില്‍ തൊഴില്‍ നഷ്ടം ഒഴിവാക്കാനുള്ള നടപടികള്‍ ഉണ്ടാകും. ചെറിയ വാഹനങ്ങളുടെ വില ഗണ്യമായി കുറയ്ക്കാനാണ് ആലോചന. ഗ്രാമീണ മേഖലയിലേക്ക് ഇപ്പോള്‍ വന്ന അധികവരുമാനം തിരിച്ചു വിടുക എന്നത് തെരഞ്ഞെടുപ്പ് വിജയത്തിന് അനിവാര്യമാണ്. മാത്രമല്ല നോട്ട് അസാധുവാക്കല്‍ കാരണം തൊഴില്‍ നഷ്ടം കൂടുതല്‍ ഗ്രാമീണ മേഖലയിലാണ്. അക്കൗണ്ടുകളില്‍ നേരിട്ട് കൂടുതല്‍ പണം എത്തുന്ന വിധത്തില്‍ ദേശീയ തൊഴില്‍ ഉറപ്പാക്കല്‍ പദ്ധതിയില്‍ വന്‍ മാറ്റത്തിന് ജയ്റ്റ്‌ലി തുടക്കമിട്ടേക്കും. കുറഞ്ഞ ചെലവിലോ സൗജന്യമായോ പാവപ്പെട്ടവര്‍ക്ക് മരുന്നുകള്‍ വിതരണം ചെയ്യുന്ന പദ്ധതിയും ധനമന്ത്രാലയത്തിന്റെ ആലോചനയിലുണ്ട്.
