അക്ഷരാര്‍ത്ഥത്തില്‍ മുണ്ടു മുറുക്കിയുടുത്താണ് ഇപ്പോള്‍ കോഴിക്കോട് ചീഡിക്കുഴി കാക്കണംഞ്ചേരിമല കോളനിയിലെ ആദിവാസികളുടെ ജിവിതം. നോട്ടു പ്രതിസന്ധി വന്നതോടെ വല്ലപ്പോഴും കിട്ടിയിരുന്ന കൂലിപ്പണി ഇല്ലാതെയായി. രാവിലെ കട്ടന്‍ ചായ. ഉച്ചയ്ക്കും കട്ടന്‍ ചായ. രാത്രി കഞ്ഞി. പണിയില്ലാതായതോടെ ആഹാരം ഒരുനേരം മാത്രമായി ചുരുക്കിയിരിക്കുകയാണ് ഇവര്‍.
റേഷന്‍കടക്കാരുടെ സമരം കാരണം പതിവായി കിട്ടുന്ന സൗജന്യ റേഷനും കിട്ടുന്നില്ല. സമീപകാലത്ത് കോളനിയിലേക്കുള്ള റോഡുപണിക്കായി ഒരു കോടി രൂപ ചിലവിട്ടെന്നാണ് കണക്കുകള്‍ പറയയുന്നത്. പക്ഷെ ഒരു സൈക്കിള്‍ പോലും ഇവര്‍ക്ക് സ്വന്തമായില്ല. വൈദ്യുതിയില്ല, പക്ഷെ മീറ്റര്‍ ഘടിപ്പിച്ചിട്ടുണ്ട്. പത്തു വര്‍ഷം മുന്‍പ് കാട്ടില്‍ നിന്നും നാട്ടിലേക്ക് നിര്‍ബന്ധപൂര്‍വ്വം താമസം മാറ്റിച്ചതാണ് ഇവരെ. നോട്ടു പ്രതിസന്ധിയുടെ യഥാര്‍ത്ഥ ഇരകള്‍ കാടിനും നാടിനും ഇടയില്‍ പെട്ടുപോയ ഇത്തരം മനുഷ്യരാണ്.
