ആദിവാസി യുവാവ് പനിബാധിച്ചു മരിച്ചു. ജില്ലയില്‍ ഡെങ്കിപനി പടരുന്നു
കാസര്കോട്: കാസര്കോട് ജില്ലയിലെ മലയോര പഞ്ചായത്തുക്കളില് ഡെങ്കി പനി പടരുന്നു. വെള്ളരിക്കുണ്ട് താലൂക്കിലെ മാലോത്ത് ആദിവാസി യുവാവ് പനിബാധിച്ചു മരിച്ചു. മാലോം കോളനിയിലെ പരേതനായ രാമന്റെയും ശ്യാമളയുടെയും മകന് മൂലയില് മധു (28)ആണ് മരിച്ചത്. പനിബാധിച്ചു കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില് ചികിത്സയിലായിരുന്ന മധു കഴിഞ്ഞ ദിവസം രാത്രിയാണ് മരിച്ചത്. വെള്ളരിക്കുണ്ട് താലൂക്കിലെ മാലോം, കൊന്നക്കാട്, വെള്ളരിക്കുണ്ട്, പരപ്പ,തുടങ്ങിയ മലയോര ഗ്രാമപ്രദേശങ്ങളിലാണ് ഡെങ്കി പനി പടരുന്നത്.
ആരോഗ്യ വകുപ്പില് നിന്നും ലഭിച്ച കണക്കനുസരിച്ചു ഇതുവരെ 107 പേര്ക്ക് ജില്ലയില് ഡെങ്കിപനി സ്ഥിരീകരിച്ചിട്ടുണ്ട്. പനി പടരുന്നതോടെ ഈപ്രദേശങ്ങളില് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്ദ്ദേശം നല്കി. പനിപടരാന് ഇടയുള്ള കോളനിയില് ഫോഗിംഗ് ഉള്പ്പെടെയുള്ള പ്രധിരോധ പ്രവര്ത്തനങ്ങള് നടക്കുന്നുണ്ട്. എന്നാല് മലയോരത്തെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളില് വേണ്ടത്ര അടിസ്ഥാന സൗകാര്യങ്ങള് വര്ധിപ്പിക്കാന് നടപടി ഉണ്ടായിട്ടില്ല.
മലയോരത്തു നിന്നും പനിബാധിച്ചവര് ഇപ്പോള് 50കിലോമീറ്ററുകളോളം സഞ്ചരിച്ചു കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില് എത്തിയാണ് ചികിത്സ തേടുന്നത്. വെള്ളരിക്കുണ്ടിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രം ചോര്ന്നൊലിക്കുന്ന അവസ്ഥയിലാണ്. കിടത്തി ചിത്സയുള്ള ഈ പ്രാഥമികരോഗ്യ കേന്ദ്രത്തില് രോഗികള് മഴവന്നാല് നനയേണ്ടി വരുന്നു. കാസര്കോട് ജില്ലയില് ഏറ്റവും കൂടുതല് പട്ടികവര്ഗ കോളനികളുള്ള ബളാല് പഞ്ചായത്തിലെ രോഗികള്ക്ക് ഏറ്റവും അടുത്തുള്ള ആശുപത്രിയാണ് വെള്ളരിക്കുണ്ട് പ്രാഥമികാരോഗ്യ കേന്ദ്രം.
ചിറ്റാരിക്കാല്, നര്ക്കിലക്കാട്, കരിന്തളം, കൊന്നക്കാട്, മൗകോഡ്, പാണത്തൂര്, എണ്ണപ്പാറ എന്നിവിടങ്ങളിലായി എട്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാണ് വെള്ളരിക്കുണ്ട് താലൂക്കില് ഉള്ളത്. മഴക്കാലം ആരംഭിക്കാനിരിക്കെ പകര്ച്ചവ്യാധികള് പടരാന് സാധ്യത ഉള്ളതിനാല് നിലവിലുള്ള ആരോഗ്യ കേന്ദ്രങ്ങളില് ആവശ്യത്തിന് സൗ കര്യങ്ങള് ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കാസര്കോടിന്റെ കിഴക്കന് പ്രദേശങ്ങളില് ഡെങ്കി പനി പടരുന്നത് ആശ്ച്ചര്യ വകമാണെന്നും വിഷയം ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയില് പെടുത്തിയുട്ടുണ്ടെന്നും ജില്ലയുടെ ചുമതലയുള്ള മന്ത്രി ഇ.ചന്ദ്രശേഖരന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്ലൈനോട് പറഞ്ഞു.
