ആരോഗ്യ വകുപ്പിന്‍റെ ഉന്നതതല യോഗം വിളിച്ചു മന്ത്രി നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി

കാസർകോട്: കാസർകോട് ജില്ലയിലെ മലയോര പഞ്ചായത്തുകളിൽ ഡെങ്കി പനി പടരുകയും ആദിവാസി യുവാവ്‌ മരണപ്പെടുകയും ചെയ്തതോടെ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ഷൈലജ ടീച്ചർ ജില്ലയിലെത്തി അടിയന്തര യോഗം വിളിച്ചു. ആരോഗ്യ വകുപ്പിന്‍റെ ഉന്നതതല യോഗം വിളിച്ചു സ്ഥിതിഗതികൾ വിലയിരുത്തി. കാഞ്ഞങ്ങാട് വ്യാപാര ഭവൻ ഹാളിൽ നടന്ന യോഗത്തിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കു പുറമെ ജില്ലയിലെ ഗ്രാമ പഞ്ചായത്തു പ്രസിഡന്റുമാരും പങ്കെടുത്തു.

കൊതുകിൽ നിന്നാണ് ഡെങ്കി പനി പടരുന്നത് എന്നതിനാൽ ജില്ലയിലെ റബ്ബർ തോട്ടം ഉടമകളുടെ യോഗം വിളിക്കാൻ മന്ത്രി എ.ഡി.എമ്മിന് നിർദ്ദേശം നൽകി. റബ്ബർ തോട്ടങ്ങളിലെ ചിരട്ടയിൽ നിന്നാണ് കൂടുതലായും കൊതുകുകൾ ഉണ്ടാകുന്നതെന്നും ഇത്‌ തടയാൻ തോട്ടം ഉടമകൾ വേണ്ടത്ര അനുഭാവം പ്രകടിപ്പിക്കുന്നില്ല എന്ന പൊതു ചർച്ചയാണ് തോട്ടം ഉടമകളുടെ യോഗം വിളിക്കാൻകാരണം. ആദ്യം റബ്ബെർ തോട്ടങ്ങളിലെ ചിരട്ട വൃത്തിയാക്കുന്നതിന് ബന്ധപ്പെട്ടവർ രേഖമൂലം നോട്ടിസ് നൽകണം. 

എന്നിട്ടും കാര്യമായി എടുക്കാത്തവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കാമെന്നും മന്ത്രി എ.ഡി.എമ്മിനോട് നിർദ്ദേശിച്ചു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മഴക്കാലം കഴിയും വരെ പനികാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും ഒരു പനിമരണം പോലും സംസ്ഥാനത്തു റിപ്പോർട്ട് ചെയ്യാൻ ഇടവരുത്തരുതെന്നും ആരോഗ്യ മന്ത്രി യോഗത്തിൽ പറഞ്ഞു.ഒരുദിവസം കൊണ്ട് വിളിച്ച യോഗത്തിൽ ജില്ലയിലെ മുഴുവൻ ഗ്രാമപഞ്ചായത്തു പ്രസിഡന്റുമാരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും എത്തിയതിനുള്ള നന്ദിയും ഷൈലജ ടീച്ചർ അറിയിച്ചു.

കാസർകോട് ജില്ലയിലെ 29ഗ്രാപഞ്ചായത്തുകളിലും മൂന്ന് നഗരസഭ കളിലുമാണ് ഡെങ്കി പനി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ആരോഗ്യ വകുപ്പിന്റെ ഇന്നുവരെയുള്ള കണക്കാണിത്.
ഡെങ്കി പനി മൂലം ആദിവാസി യുവാവ് മരണപ്പെട്ട ബളാൽ ഗ്രാമപഞ്ചായത്തിലെ മാലോം, കൊന്നക്കാട്, വെള്ളരിക്കുണ്ട്, പരപ്പ, ബളാൽ എന്നിവിടങ്ങളിൽനിന്നായി ഡെങ്കി പനിബാധിച്ചു നിരവധി പേരാണ് മംഗലാപുരം, പരിയാരം തുടങ്ങിയ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ആരോഗ്യ വകുപ്പിൽ നിന്നും ലഭിച്ച കണക്കനുസരിച്ചു ഇതുവരെ 107 പേർക്ക്‌ ഡെങ്കിപനി സ്ഥിതീകരിച്ചിട്ടുണ്ട്.