ലോകകപ്പിന് ലൂഷ്നിക്കി സ്റ്റേഡിയത്തില്‍ കിക്കോഫ് ആകുമ്പോള്‍ പകരക്കാരുടെ ബഞ്ചിലായിരുന്നു ഡെനിസ് ചെറിഷേവിന്റെ സ്ഥാനം.
മോസ്കോ: പകരക്കാരനായെത്തി ഇരട്ട ഗോള് നേടിയ ഡെനിസ് ചെറിഷേവായിരുന്നു ഉദ്ഘാടന മത്സരത്തിലെ താരം. റഷ്യക്കായി ചെറിഷേവിന്റെ ആദ്യ ഗോളാണ് ലോകകപ്പില് നേടിയത്.
ലോകകപ്പിന് ലൂഷ്നിക്കി സ്റ്റേഡിയത്തില് കിക്കോഫ് ആകുമ്പോള് പകരക്കാരുടെ ബഞ്ചിലായിരുന്നു ഡെനിസ് ചെറിഷേവിന്റെ സ്ഥാനം. പക്ഷെ അലന് സഗോയിവിനേറ്റ പരിക്ക് ചെറിഷേവിനെ റഷ്യയുടെ ദേശീയ ഹീറോയാക്കി. ലോകകപ്പ് ഉദ്ഘാടനമത്സരത്തില് സൗദിയെ റഷ്യ തകര്ത്തപ്പോള് ഇരട്ടഗോളുമായി കളിയിലെ കേമനായി ചെറിഷേവ്.
ലോകകപ്പ് ഉദ്ഘാടനമത്സരങ്ങളുടെ ചരിത്രത്തില് പകരക്കാരനായെത്തി ഗോള് നേടുന്ന ആദ്യ താരമെന്ന റെക്കോര്ഡും ഇതോടെ ചെറിഷേവ് സ്വന്തമാക്കി. 12 ആം വയസില് റയല് മാഡ്രിഡിലെത്തിയ ചെറിഷേവ് 14 വര്ഷത്തോളം റയലില് പല പ്രായ വിഭാഗത്തിലുള്ള ടീമുകളിലായി കളിച്ചു.
2016ല് വിയ്യറയലുമായി കരാറൊപ്പിട്ടു. റഷ്യന് ദേശീയ ടീമില് ആദ്യമെത്തുന്നത് 2012ല്. പിന്നീട് ടീമിന് പുറത്തും അകത്തുമായുള്ള ആറ് വര്ഷം. ഇതിനിടെ ആകെ കളിച്ചത് വെറും 11 മത്സരങ്ങള്. ഒരൊറ്റ ഗോള് പോലും നേടാനുമായിരുന്നില്ല. പക്ഷെ ലോകകപ്പിലെ അരങ്ങേറ്റമത്സരം ചെറിഷേവിന് അവിസ്മരണീയമായി.
