മുസ്ലിം സ്ത്രീകൾ ധരിക്കുന്ന ബുർഖ, നിഖാബ് എന്നിവ പൊതുസ്ഥലങ്ങളില്‍ ധരിക്കുന്നത് ഓഗസ്റ്റ് ഒന്നുമുതല്‍ ഡെൻമാർക്കില്‍ നിരോധിക്കും
കോപ്പൻഹേഗൻ: മുസ്ലിം സ്ത്രീകൾ ധരിക്കുന്ന ബുർഖ, നിഖാബ് എന്നിവ പൊതുസ്ഥലങ്ങളില് ധരിക്കുന്നത് ഓഗസ്റ്റ് ഒന്നുമുതല് ഡെൻമാർക്കില് നിരോധിക്കും. പാർലമെന്റിലെ ഭൂരിഭാഗം പാർട്ടികളും നിരോധനത്തെ പിന്തുണച്ചതോടെയാണ് സർക്കാർ നിരോധനം ഏർപ്പെടുത്താൻ കഴിഞ്ഞ ഒക്ടോബറില് തീരുമാനിച്ചിരുന്നു. കണ്ണുമാത്രം പുറത്തു കാണുന്ന രീതിയിൽ ധരിക്കുന്ന മുഖാവരണത്തിനും കണ്ണിന്റെ സ്ഥാനത്ത് നേർത്ത തുണികൊണ്ടുള്ള പൂർണമായി മറയ്ക്കുന്ന മുഖാവരണത്തിനുമാണ് ഡെൻമാർക്ക് നിരോധനം ഏർപ്പെടുത്തുക.
അതേ സമയം ഡെന്മാർക്കിന്റെ ഈ തീരുമാനത്തെ സംബന്ധിച്ച് യു.എ.ഇ തങ്ങളുടെ ഡെന്മാര്ക്കിലെ പൗരന്മാര്ക്ക് എംബസി വഴി മുന്നറിയിപ്പ് നല്കി. ഓഗസ്റ്റ് ഒന്നു മുതൽ നിയമം പ്രാബല്യത്തിൽ വരും. നിയമം ലംഘിക്കുന്നവർക്ക് ആദ്യ മൂന്നു പ്രാവശ്യം 1000 ദിർഹം വീതം പിഴയും നാലാമത്തെ പ്രാവശ്യം ലംഘിച്ചാൽ 10,000 ദിർഹം പിഴയും ഒടുക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. ഇന്ത്യന് രൂപയില് ഇത് 9000വും,18,000 രൂപയും ആയിരിക്കും.
കഴിഞ്ഞ വര്ഷം ബുർഖ നിരോധനത്തിന് ഡെൻമാർക്ക് കൂട്ടുമന്ത്രിസഭയിലെ സഖ്യകക്ഷിയായ ഡാനിഷ് പീപ്പിൾസ് പാർട്ടിയും മുഖ്യ പ്രതിപക്ഷമായ സോഷ്യൽ ഡെമോക്രാറ്റുകളും നിരോധനത്തിന് അനുകൂല നിലപാടാണ് സ്വീകരിച്ചത്. മുഖാവരണം നിരോധിക്കാനുള്ള തീരുമാനം ഫലപ്രദമാണെന്നും ഇത് മതപരമായ പ്രശ്നമല്ലെന്നും ലിബറൽ പാർട്ടി വക്താവ് ജേക്കബ് എലെമാൻ പറഞ്ഞു.
മുഖാവരണം ധരിക്കുന്നത് സംബന്ധിച്ച് യൂറോപ്യൻ രാജ്യങ്ങളിലെ ജനങ്ങൾക്കിടയിൽ വ്യത്യസ്ത അഭിപ്രായമാണുള്ളത്. മുഖാവരണം ധരിക്കുന്നത് മതപരമായ സ്വാതന്ത്ര്യമാണെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്, അന്യദേശ സംസ്കാരവും സ്ത്രീകളോടുള്ള വിവേചനത്തിന്റെ പ്രതീകവും ആണെന്നാണ് മറു വിഭാഗം അഭിപ്രായപ്പെടുന്നത്.
ഡെൻമാർക്കിൽ ഏകദേശം രണ്ടായിരത്തോളം മുസ്ലിം സ്ത്രീകൾ മുഖാവരണം ധരിക്കുന്നതായി വിവിധ പഠനങ്ങൾ കാണിക്കുന്നു. ഫ്രാൻസ്, ബെൽജിയം, നെതർലാൻഡ്സ്, ബൾഗേറിയ എന്നീ രാജ്യങ്ങളിൽ പൊതുസ്ഥലങ്ങളിൽ പൂർണമോ ഭാഗികമോ ആയി മുഖാവരണങ്ങൾ ധരിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നോർവെ സർക്കാർ കിന്റർഗാർഡൻ, വിദ്യാലയങ്ങൾ, സർവകലാശാലകൾ എന്നിവിടങ്ങളിൽ മുസ് ലിം സ്ത്രീകൾ മുഖാവരണം ധരിക്കുന്നത് 2017 ജൂണിൽ നിരോധിച്ചിരുന്നു.
