മാര്‍ക്ക് കുറവായതിനാല്‍ ഒന്‍പതാം ക്ലാസില്‍ നിന്ന് ആറ് കുട്ടികളോട്  മാറാന്‍  സ്കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടുവെന്ന് ജില്ലാ വിദ്യാഭ്യാസഓഫീസര്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.

കോട്ടയം: വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത പാമ്പാടി ക്രോസ്റോഡ് സ്കൂളില്‍ ചട്ടലംഘനമുണ്ടായെന്ന് കോട്ടയം ജില്ലാവിദ്യാഭ്യാസഓഫീസറുടെ പ്രാഥമിക റിപ്പോര്‍ട്ട്. ആത്മഹത്യയില്‍ സ്കൂളിന്റെ പങ്കിനെക്കുറിച്ച് അന്വേഷണം തുടരുകയാണെന്ന് ജില്ലാ പൊലീസ് സംസ്ഥാന ന്യൂനപക്ഷകമ്മീഷനെ അറിയിച്ചു

മരണത്തില്‍ സ്കൂള്‍ അധികൃതരുടെ പങ്കിനെ സംബന്ധിച്ച് ബിന്റോയുടെ അച്ഛന്‍ ഈപ്പ‍ന്‍ വര്‍ഗീസിന്റെ വെളിപ്പെടുത്തല്‍ ഉള്‍പ്പടെ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസവകുപ്പ് അധികൃതര്‍ ക്രോസ് റോഡ് സ്കൂളില്‍ പരിശോധന നടത്തിയത്. മാര്‍ക്ക് കുറവായതിനാല്‍ ഒന്‍പതാം ക്ലാസില്‍ നിന്ന് ആറ് കുട്ടികളോട് മാറാന്‍ സ്കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടുവെന്ന് ജില്ലാ വിദ്യാഭ്യാസഓഫീസര്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.

പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. ഇതിന് ശേഷമായിരിക്കും അനന്തരനടപടികള്‍. വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം അന്വേഷണ ഘട്ടത്തിലാണെന്ന് ജില്ലാപൊലീസ് സംസ്ഥാന ന്യൂനപക്ഷ കമ്മീഷനെ അറിയിച്ചു. കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്‌.പി ഇമ്മാനുവല്‍ പോളിന്റെ നേതൃത്വത്തിലാണ് അന്വേഷണം. സംഭവത്തില്‍ ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയ കേസ് എടുക്കുകയായിരുന്നു.