തൃശൂര്‍: തൃശൂര്‍ ഏങ്ങണ്ടിയൂരില്‍ കസ്റ്റഡി മര്‍ദ്ദനത്തെ തുടര്‍ന്ന ദളിത് യുവാവ് വിനായകൻ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പാവറട്ടി എസ്ഐക്കും ഗുരുവായൂര്‍ സിഐക്കുമെതിരെ വകുപ്പുതല അന്വേഷണം. കസ്റ്റഡിയില്‍ വിനായകനെ മര്ദ്ദിച്ചിട്ടില്ലെന്ന വിശദീകരണമാണ് പൊലീസ് നല്‍കുന്നത്. അതേസമയം വിനായകൻറെ മരണത്തെ കുറിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘവും ഇരുവരുടെയും മൊഴിയെടുക്കും.
പാവറട്ടി എസ്ഐ അരുണ്‍ ഷാ, ഗുരുവായൂര്‍ സിഐ ബാലകൃഷ്ണൻ എന്നിവര്‍ക്കെതിരെയാണ് വകുപ്പുതല അന്വേഷണം തുടങ്ങിയിരിക്കുന്നത്. തൃശൂര്‍ എസിപി വാഹിദിനാണ് അന്വേഷണ ചുമതല. വിനായകനെ കസ്റ്റഡിയില്‍ എടുക്കുന്ന സമയത്ത് എസ്ഐ പൊലീസ് സ്റ്റേഷനില്‍ ഉണ്ടായിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം വിനായകന് ക്രൂരമായ മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ ശരീരത്തിലുണ്ട്. കസ്റ്റഡിയില്‍ വിനായകനെ ക്രൂരമായി മര്‍ദ്ദിച്ചോയെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. സ്റ്റേഷനിലുണ്ടായിരുന്ന സിപിഓമാരായ സാജൻ, ശ്രീജിത്ത് എന്നിവര്‍ മര്‍ദ്ദിക്കുമ്പോള്‍ എസ് ഐ എന്തുകൊണ്ട് തടഞ്ഞില്ലെന്നും അന്വേഷണപരിധിയില്‍ വരും. എന്നാല്‍ കസ്റ്റഡിയില്‍ ഉപദ്രവിച്ചിട്ടില്ലെന്നും അച്ഛൻ മര്‍ദ്ദിച്ചതിന്റെ പാടുകളാണ് വിനായകന്റെ ശരീരത്തിലുളളതെന്നുമാണ് പൊലീസിൻറെ വിശദീകരണം. അതേസമയം വിനായകന്റെ മരണത്തെ കുറിച്ചുളള ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. പാലക്കാട് ക്രൈംബ്രാഞ്ച് എസ് പി വിജയൻറെ നേതൃത്വത്തിലുളള എട്ടംഗ സംഘം വിനായകൻറെ വീട്ടിലെത്തി കുടുംബാംഗങ്ങളുടെ വിശദമായ മൊഴിയെടുക്കും. ഇതുകൂടാതെ വിനായകനൊപ്പം കസ്റ്റഡിയിലെടുത്ത സുഹൃത്തില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. പാവറട്ടി എസ്ഐ, സിപിഓമാര്‍ എന്നിവരുടെയെും മൊഴിയെടുക്കും.
