കുമരകം: പുറമ്പോക്ക് കയ്യേറിയെന്ന് ആരോപിച്ച് കുമരകത്തെ റിസോർട്ടിൽ ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടത്തിയ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ കേരളത്തിലെ രണ്ട് പദ്ധതികളിലായി 200 കോടി രൂപയുടെ നിക്ഷേപം നടത്താനുള്ള തീരുമാനം പിൻവലിച്ചതായി നിരാമയ റിട്രീറ്റ് ചീഫ് എക്സിക്യുട്ടീവ് ഒാഫീസർ മനു റിഷി ഗുപ്ത അറിയിച്ചു. റിസോർട്ടിൽ അതിക്രമിച്ച് കടന്ന് കോടിക്കണക്കിന് രൂപയുടെ നഷ്ടം വരുത്തിയ സാമൂഹ്യദ്രോഹികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള നിയമനടപടിയുമായി മുന്നോട്ടുപോവുകയും നഷ്ടപരിഹാരം ഇൗടാക്കാൻ നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്നും കമ്പനി വിശദമാക്കി.
തങ്ങളുടെതല്ലാത്ത കുറ്റത്തിനാണ് കുറ്റവാളികളാക്കിയിരിക്കുന്നത്
തീർത്തും അപലപനീയവും പ്രാകൃതവുമായ അക്രമങ്ങളാണ് ഇന്നലെ നിരാമയയ്ക്കും അതിലെ ജീവനക്കാർക്കും നേരെ ഡി.വൈ.എഫ്.ഐക്കാരിൽ നിന്നുണ്ടായത്. മാരകായുധങ്ങളുമായി ഇരച്ചുകയറി അക്രമികളെ കണ്ട് ജീവനക്കാർ സ്തംഭിച്ചു നില്‍ക്കുന്ന അവസ്ഥയായിരുന്നു. ജീവനക്കാരെ കൊല്ലാനുള്ള ലക്ഷ്യത്തോടെയായിരുന്നു കല്ലും വടിയും ഹോക്കി സ്റ്റിക്കും വടിവാളും ഉൾപ്പെടെയുള്ള ആയുധങ്ങളുമായി അക്രമി സംഘം ഇരച്ചുകയറിയത്. 20 അംഗ സംഘം സ്ഥാപനത്തിൽ കയറി കൊള്ള നടത്തുകയായിരുന്നു. ക്രമസമാധാനം തകരുന്ന രീതിയിൽ ആക്രമണം നടത്തുമ്പോള്‍ പൊലീസ് കാഴ്ചക്കാരി നില്‍ക്കുകയായിരുന്നു.
കോട്ടയം താലൂക്കിലെ കുമരകം നോർത്തിലെ പള്ളിച്ചിറയിലാണ് നിരാമയ റിട്രീറ്റ്സ് കുമരകം പ്രൈവറ്റ് ലിമിറ്റഡ് റിസോർട് പണിയുന്നത്. 2018 ഡിസംബർ 14 വരെ കാലാവധിയുള്ള കുമരകം ഗ്രാമപഞ്ചായത്തിന്റെ അനുമതി പത്രം വാങ്ങിയാണ് നിർമാണം നടക്കുന്നത്. നവംബർ 18ന് ദേശാഭിമാനി പത്രത്തിൽ വന്ന തെറ്റായ വാർത്ത സംബന്ധിച്ച് നിരാമയ വ്യക്തത വരുത്തി പത്രക്കുറിപ്പ് നൽകിയിരുന്നു. തെറ്റായ വാർത്തക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുന്നുണ്ട്. ഉന്നതതല ഗൂഢാലോചന സ്ഥാപനത്തിനെതിരെ നടന്നിട്ടുണ്ട്. സ്ഥാപനത്തിന് സംരക്ഷണം ആവശ്യപ്പെട്ട് കുമരകം എസ്.ഐക്കും സി.ഐക്കും അപേക്ഷ നൽകിയിരുന്നു.
വ്യാഴാഴ്ച രാവിലെ 10.45ഒാടെ 100ഒാളം വരുന്ന ഡി.വൈ.എഫ്.ഐക്കാർ പ്രകടനവുമായി എത്തുകയായിരുന്നു. ഇവരെ പൊലീസ് തടഞ്ഞപ്പോൾ 20 പേർ വടിയും കല്ലും വടിവാളുകളും ഹോക്കി സ്റ്റിക്കുമായി അകത്തേക്ക് ഒാടിക്കയറി. ഇവരെ തടയാൻ ശ്രമിച്ച ജീവനക്കാർ ആക്രമിക്കപ്പെട്ടു. ജീവനക്കാരിൽ പലർക്കും പരിക്ക് പറ്റി.
ഫർണ്ണിച്ചറുകളും ചുറ്റുമതിലും തകർത്ത സംഘം വസ്തുക്കൾ തൊട്ടടുത്ത കനാലിലേക്ക് തള്ളി. വൈദ്യുതോപകരണങ്ങളും ജലവിതരണ ഉപകരണങ്ങളും തകർത്തു. മെത്തകൾ കുത്തിക്കീറി പഞ്ഞി പുറത്തേക്കിട്ടു. 40 മിനിറ്റാണ് സംഘം അക്രമം നടത്തിയത്. ആവർത്തിച്ചുള്ള അഭ്യർഥന പ്രകാരം കുമരകം എസ്.ഐയും ഒരു പൊലീസുകാരനും എത്തി അക്രമികളെ പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നും സി.ഇ.ഒ പറഞ്ഞു. മുറികളിലും കോട്ടേജുകളിലും കയറി അടിച്ചുതകർത്ത സംഘം പ്രഥമദൃഷ്ട്യാ നാലിനും അഞ്ച് കോടിക്കുമിടയിൽ രൂപയുടെ നഷ്ടം വരുത്തിയെന്നും നിരാമയ മാനേജ്മെന്റ് വ്യക്തമാക്കി.ആക്രമണം ഫലത്തിൽ 15 മുതൽ 20കോടി രൂപയുടെ നഷ്ടമാണുണ്ടാക്കിയിരിക്കുന്നത്
