സുപ്രീംകോടതിയിൽ സാവകാശ ഹർജി പരാമർശിക്കാത്തതിൽ ദേവസ്വം ബോർഡ് പ്രസിഡന്‍റിന് അതൃപ്തി. കമ്മീഷണർ സ്വയം തീരുമാനം എടുത്തെന്ന് വിലയിരുത്തൽ.

തിരുവനന്തപുരം: ശബരിമല കേസിലെ സാവകാശ ഹർജിയെ കുറിച്ച് ദേവസ്വം ബോർഡ് അഭിഭാഷകൻ സുപ്രീംകോടതിയിൽ പറയാത്തതിൽ ദേവസ്വം പ്രസിഡന്‍റിന് അതൃപ്തി. ദേവസ്വം കമ്മീഷണറുടെ ഇടപെടലാണ് ഇതിന് പിന്നിലെന്നാണ് ദേവസ്വം പ്രസിഡന്‍റ് എ പദ്മകുമാറിന്‍റെ സംശയം. ദേവസ്വം ബോർഡ് നിലപാടിനെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് ബി ജെ പി അടക്കമുളളവരുടെ തീരുമാനം.

വിശ്വാസികളുടെ പ്രതിഷേധം തണുപ്പിക്കാനായിരുന്നു വൈകിയാണെങ്കിലും തിരുവിതാംകൂർ ദേവസ്വം ബോർഡ് യുവതി പ്രവേശന വിധി നടപ്പാക്കാൻ സാവകാശ ഹർജി നൽകിയത്. സർക്കാർ അനുമതിയോടെ ദേവസ്വം പ്രസിഡന്‍റ് തന്നെ മുന്‍കൈയെടുത്തായിരുന്നു നീക്കം. പക്ഷെ കഴിഞ്ഞ ദിവസം ഹർജികൾ പരിഗണിച്ചപ്പോൾ ബോർഡിന്‍റെ അഭിഭാഷകൻ സാവകാശ ഹർജിയെ കുറിച്ച് മിണ്ടിയില്ലെന്ന് മാത്രമല്ല വിധിയിൽ പുനഃപരിശോധന വെണ്ടെന്നും വ്യക്തമാക്കി. 

ദില്ലിയിൽ ദിവസങ്ങൾക്ക് മുമ്പെത്തിയ ദേവസ്വം കമ്മീഷണ‌ർ എൻ വാസുവാണ് അഭിഭാഷകരുമായി കൂടിയാലോചന നടത്തിയത്. യുവതീപ്രവേശനത്തെ ശക്തമായി അനുകൂലിക്കുന്ന സർക്കാർ നിലപാടാണ് കമ്മീഷണർക്കുമുള്ളത്. കമ്മീഷണ‌ർ സാവകാശ ഹർജിയിൽ ബോർഡ് എടുത്ത തീരുമാനം അറിയിക്കാൻ അഭിഭാഷകനോട് ആവശ്യപ്പെടാതിരുന്നതിൽ പ്രസിഡന്‍റ് പത്മകുമാറിന് അതൃപ്തിയുണ്ടെന്നാണ് വിവരം.

സാവകാശഹർജി നൽകുന്നതിലും നേരത്തെ തന്നെ പ്രസിഡന്‍റും കമ്മീഷണറും തമ്മിൽ തർക്കമുണ്ടായിരുന്നു. സീസൺ കഴിഞ്ഞ് നട അടച്ച സാഹചര്യത്തിൽ ഇനി സാവകാശത്തിന് പ്രസക്തിയില്ലെന്ന നിലപാടാണ് കമ്മീഷണ‌ർക്കുള്ളതെന്നാണ് സൂചന. അടുത്ത സീസൺ തുടങ്ങും മുമ്പ് പമ്പയിലെ പ്രളയക്കെടുതി മറിടകടക്കാനാകുമെന്ന കണക്ക് കൂട്ടലും കമ്മീഷണർക്കുണ്ട്. എന്നാൽ നയപരമായി എടുത്ത തീരുമാനം കോടതിയെ അറിയിക്കാത്തത് വഴി ബോർഡ് ആകെ വെട്ടിലായെന്നാണ് പ്രസിഡന്‍റ് കരുതുന്നത്. 

അതേസമയം സർക്കാർ അറിയാതെ കമ്മീഷണർ മാത്രം സുപ്രധാന തീരുമാനങ്ങളെടുക്കാനുള്ള സാധ്യതയുമില്ല. വാദങ്ങൾ കോടതിയിൽ എഴുതി നൽകാനുള്ള അവസരം ബോർഡിന് മുന്നിലുണ്ട്. പക്ഷെ കോടതിയിൽ സ്ത്രീപ്രവേശനത്തിനായി വാദിച്ച ബോർഡ‍് ഇനി സാവകാശം തേടി എഴുതിയാൽ കോടതി വിമർശിക്കുമെന്നുറപ്പാണ്. ദേവസ്വം ബോർഡ് കോടതിയിൽ മലക്കം മറിഞ്ഞതോടെ യു ഡി എഫും ബി ജെ പിയും പന്തളം കൊട്ടാരവും അടക്കം വിധിയെ എതിർക്കുന്നവർ പ്രതിഷേധം കടുപ്പിച്ചു. സർക്കാർ മാത്രമല്ല ബോർഡും വിശ്വാസികളെ വഞ്ചിച്ചുവെന്നാണ് പ്രധാന വിമർശനം.