സുരക്ഷ പിന്‍വലിച്ചത് കൈയ്യേറ്റക്കാരെ സഹായിക്കാനാണെന്ന് ആക്ഷേപമുയര്‍ന്നു.
ഇടുക്കി: പോലീസിലെ ദാസ്യപ്പണി വിവാദത്തിന്റെ മറവില് ദേവികുളം സബ്കളക്ടര്ക്കുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ തിരിച്ചു വിളിച്ചു. കൈയ്യേറ്റക്കാരില് നിന്നും സംരക്ഷണം നല്കുന്നതിനായി ദേവികുളം സബ്ബ് കലക്ടര്ക്കും, സംഘത്തിനും സര്ക്കാര് അനുവദിച്ച പ്രത്യേക സുരക്ഷാ പോലീസിനെയാണ് മടക്കി വിളിച്ചത്. പോലീസിലെ ദാസ്യപ്പണി വിവാദത്തെ തുടര്ന്നാണ്, രണ്ട് ഗണ്മാന്മാരടക്കമുള്ള ആറംഗ സംഘത്തോട് ജില്ലാ പോലീസ് മേധാവിയുടെ മുന്നില് റിപ്പോര്ട്ട് ചെയ്യാന് ആവശ്യപ്പെട്ടത്.
ഇതില് നാലംഗ സംഘം വെള്ളിയാഴ്ച തന്നെ മടങ്ങി. ഗണ്മാന്മാര് അടുത്ത ദിവസം മടങ്ങും. 2017 ഏപ്രില് 12 ല് ദേവികുളം പോലീസ് സ്റ്റേഷന് സമീപത്തെ സര്ക്കാര് ഭൂമിയിലെ കൈയ്യേറ്റമൊഴിപ്പിക്കാനെത്തിയ അന്നത്തെ സബ്ബ് കലക്ടര് ശ്രീരാം വെങ്കിട്ടരാമനെയും സംഘത്തെയും സി.പി.എം.പ്രാദേശിക നേതൃത്വവും, കൈയ്യേറ്റക്കാരും ചേര്ന്ന് തടയുകയും അക്രമിക്കാനൊരുങ്ങുകയും ചെയ്തിരുന്നു.
സംഭവം വിവാദമായതിനെ തുടര്ന്നാണ് സര്ക്കാര് നിര്ദേശ പ്രകാരം ഗണ്മാന്മാരെ കൂടാതെ ഒരു എസ്.ഐ, രണ്ട് വനിതാ പോലീസ് ഉള്പ്പെടെയുള്ള ഏഴംഗ സംഘത്തെ സബ്ബ് കലക്ടര്ക്കും, കൈയ്യേറ്റമൊഴിപ്പിക്കാനെത്തുന്ന റവന്യൂ സംഘത്തിനും സുരക്ഷയ്ക്കായി നിയമിച്ചത്. പിന്നീട് എസ്.ഐയെയും രണ്ട് വനിതാ ഉദ്യോഗസ്ഥരെയും സര്ക്കാര് പിന്വലിച്ചെങ്കിലും നാല് പേര് ജോലിയില് തുടര്ന്നു.
ഇവരുടെ സംരക്ഷണയിലാണ്, ഉദ്യോഗസ്ഥര് കൈയ്യേറ്റക്കാരുടെ എതിര്പ്പുകള് വകവയ്ക്കാതെ നടപടികള് സ്വീകരിച്ചിരുന്നത്. പോലീസിനെ പിന്വലിച്ചതോടെ ഒഴിപ്പിക്കല് നടപടികളുമായി പോകുന്ന ഉദ്യോഗസ്ഥര്, കൈയ്യേറ്റക്കാരുടെയും രാഷ്ട്രീയക്കാരുടെയും ഭീഷണിക്ക് മുന്പില് മുട്ടുമടക്കേണ്ട അവസ്ഥയാണിപ്പോള്. നിരവധി തവണ സബ്കളക്ടര്മാരെയും കൈയ്യേറ്റക്കാര് തടഞ്ഞുവെക്കുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു.
പലപ്പോഴും സംഘര്ഷമൊഴിവാക്കാന് വേണ്ടി വിളിക്കുന്ന പ്രാദേശിക പോലീസ് സംഘം സ്വീകരിച്ച നിക്ഷ്പക്ഷ നിലപാട് വിമര്ശന വിധേയമായിരുന്നു. പോലീസ് നിഷ്ക്രിയരായപ്പോഴാണ് സര്ക്കാര് സബ് കളക്ടര്ക്കും സംഘത്തിനും സ്വന്തമായൊരു പോലീസ് സംഘത്തെ അനുവദിച്ചത്. ദാസ്യപ്പണി വിവാദത്തിന്റെ പേരില് ഈ സുരക്ഷ പിന്വലിച്ചാല് അത് മൂന്നാറിലെ കൈയ്യേറ്റം ഒഴിപ്പിലിനെ ദോഷകരമായി ബാധിക്കും. സബ്ബ് കലക്ടറുടെയും, സംഘത്തിന്റെയും സുരക്ഷ പിന്വലിച്ചത് കൈയ്യേറ്റക്കാരെ സഹായിക്കാനാണെന്ന് ആക്ഷേപമുയര്ന്നു.
