കൊട്ടാരക്കര: കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ ഉണ്ണിയപ്പത്തിന്റെ വില കൂട്ടിയതിനെതിരെ ക്ഷേത്രക്കുളത്തില്‍ ചാടി പ്രതിഷേധം.കൊല്ലം സ്വദേശി മുരുകന്‍ ആണ് വില വര്‍ദ്ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്രക്കുളത്തില്‍ ചാടിയത്. ഗണപതി ക്ഷേത്രത്തില്‍ ഉണ്ണിയപ്പത്തിന്റെ വില കൂട്ടിയതിനെതിരെ ഒരാഴ്ചയായി ഏതാനും ഭക്തരുടെ നേതൃത്വത്തില്‍ ഉപരോധ സമരം നടക്കുകയാണ്.
പലകുറി ചര്‍ച്ച നടത്തിയിട്ടും വില വര്‍ദ്ധന പിന്‍വലിക്കാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറാകാത്ത സാഹചര്യത്തിലാണ് ക്ഷേത്രക്കുളത്തിലിറങ്ങിയുള്ള പ്രതിഷേധം. കൊല്ലം സ്വദേശി മുരുകന്‍ ആണ് കുളത്തില്‍ ചാടിയത്. കരയ്‌ക്ക് കയറാന്‍ പൊലീസ് നിര്‍ബന്ധിച്ചെങ്കിലും ഇയാള്‍ വഴങ്ങിയില്ല. മുരുകന് പിന്തുണയുമായി സമരക്കാരില്‍ ഒരു വിഭാഗവുമെത്തി.
ദേവസ്വം പ്രതിനിധി എത്തി ചര്‍ച്ചക്ക് തയ്യാറാണെന്ന് അറിയിച്ചതോടെ മുരുകന്‍ കരയ്‌ക്ക് കയറി. അപ്പോഴേക്കും ഉപരോധ സമരക്കാരില്‍ ചിലര്‍ വെള്ളത്തിലിറങ്ങി. എന്നാല്‍ കാഴ്ചക്കാര്‍ ഇല്ലാതായതോടെ ഇവരും സമരം അവസാനിപ്പിച്ച് മടങ്ങി. ശനിയാഴ്ച ദേവസ്വം അധികൃതരും സമരക്കാരുമായി ചര്‍ച്ച നടക്കും.

