Asianet News MalayalamAsianet News Malayalam

' ബിഷപ്പിന്‍റെ അറസ്റ്റിന് തടസ്സമില്ല'; അന്വേഷണ സംഘത്തിന് തീരുമാനിക്കാമെന്ന് ബെഹ്റ

കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ അന്വേഷണ സംഘത്തിന് തീരുമാനമെടുക്കാമെന്ന് ഡി.ജി.പി. ലോക്നാഥ് ബെഹ്റ. ഇതുവരെ നടത്തിയ അന്വേഷണ പുരോഗതി താനുമായി ചർച്ച നടത്തിയിട്ടില്ലെന്നും ബിഷപ്പിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ അറസ്റ്റിന് തടസ്സമല്ലെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു. കൂട്ടിച്ചേര്‍ത്തു.

Dgp loknath behra on arrest of bishop franco mulakkal
Author
Kochi, First Published Sep 20, 2018, 1:47 PM IST

കൊച്ചി: കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ അന്വേഷണ സംഘത്തിന്  തീരുമാനമെടുക്കാമെന്ന് ഡി.ജി.പി. ലോക്നാഥ് ബെഹ്റ. ഇതുവരെ നടത്തിയ അന്വേഷണ പുരോഗതി താനുമായി ചർച്ച നടത്തിയിട്ടില്ലെന്നും ബിഷപ്പിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ അറസ്റ്റിന് തടസ്സമല്ലെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു. കൂട്ടിച്ചേര്‍ത്തു.

ബിഷപ്പിനെ അറസ്റ്റ് ചെയ്യണമോ എന്ന കാര്യത്തില്‍ അന്വേഷണ സംഘം ഇന്ന് ഉച്ച തിരിഞ്ഞ് അന്തിമ തീരുമാനം എടുക്കുമെന്നാണ് സൂചന. ബിഷപ്പിനെ തൃപ്പൂണിത്തുറയില്‍ ഇപ്പോഴും ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ബിഷപ്പിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലുള്ളത് അറസ്റ്റിന് തടസ്സമല്ലെന്നും ഇക്കാര്യത്തില്‍ അന്വേഷണ സംഘത്തിന് സ്വതന്ത്രമായി തീരുമാനം എടുക്കാമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. ബിഷപ്പിന്‍റെ അറസ്റ്റ് ഏറെക്കുറെ ഉറപ്പാണെന്ന സൂചനയാണ് അന്വേഷണ സംഘത്തില്‍ നിന്ന് ലഭിക്കുന്നത്.

ബിഷപ്പിന്‍റെ മൊഴികളില്‍ നിരവധി വൈരുദ്ധ്യമുണ്ടെന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടു. അന്വേഷണ സംഘത്തിന്‍റെ ചോദ്യങ്ങള്‍ക്ക് ബിഷപ്പ് വിശദമായ മറുപടി നല്‍കുന്നുണ്ടെങ്കിലും തെളിവുകള്‍ ബിഷപ്പിന് എതിരാണ്.കുറവിലങ്ങാട് മഠത്തില്‍ താന്‍ താമസിച്ചിട്ടില്ല എന്ന നിലപാടില്‍ ബിഷപ്പ് ഉറച്ചു നില്‍ക്കുകയാണ്. ബിഷപ്പിനെതിരെ തെളിവുകള്‍ അന്വേഷണ സംഘം നിരത്തിയിട്ടും ബിഷപ്പ് സമ്മതിച്ചില്ല എന്നാണ് സൂചന. രണ്ടാം ദിവസത്തെ നിര്‍ണ്ണായക ചോദ്യം ചെയ്യലിനായി ബിഷപ്പ് ഫ്രാങ്കോ 11 മണിക്കാണ് അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നിന്നും പൊലീസ് സംരക്ഷണത്തിലാണ് ബിഷപ്പ് ഇന്നും എത്തിയത്.

ബിഷപ്പിന്‍റെ കുറ്റസമ്മതം ഇല്ലാതെ തന്നെ അറസ്റ്റിനുള്ള തെളിവുകളുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തല്‍. കുറെ കാര്യങ്ങളില്‍ കൂടി ബിഷപ്പില്‍ നിന്ന് വ്യക്തത വേണമെന്നും അറസ്റ്റിന്‍രെ കാര്യത്തില്‍ തീരുമാനം അതനുസരിച്ചായിരിക്കുമെന്ന സൂചനയാണ് അന്വേഷണ സംഘം നല്‍കുന്നത്. സംസ്ഥാന സര്‍ക്കാരിന്‍റേയും പൊലീസ് മേധാവിയുടേയും അനുമതിയോടെ അറസ്റ്റിലേക്ക് നീങ്ങാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം. അറസ്റ്റ് വേണമോയെന്ന് അന്വേഷണ സംഘത്തിന് തീരുമാനിക്കാമെന്ന സന്ദേശമാണ് നല്‍കിയിരിക്കുന്നത്. അറസ്റ്റ് ഉണ്ടായാല്‍ ബിഷപ്പിനെ ഏറ്റുമാനൂര്‍ മജിസ്ട്രട്ടിനു മുന്നിലാകും ഹാജരാക്കുക. അറസ്റ്റിനു മുന്നോടിയായുള്ള സുരക്ഷ ഒരുക്കങ്ങളും പൊലീസ് പലയിടങ്ങളിലും തുടങ്ങിക്കഴിഞ്ഞു.

ഇന്നലെ തൃപ്പൂണിത്തുറയിലെ പൊലീസ് ക്ലബില്‍ നടന്ന ചോദ്യം ചെയ്യല്ലിനിടെ ബിഷപ്പ് നല്‍കിയ പല മൊഴികളിലും വൈരുധ്യമുണ്ടെന്നാണ് അന്വേഷണസംഘം പറയുന്നത്. ടവര്‍ ലൊക്കേഷന്‍ അടക്കമുള്ള തെളിവുകള്‍ നിരത്തി ബിഷപ്പ് കുറുവിലങ്ങാട്ടെ മഠത്തില്‍ എത്തിയിരുന്നില്ലേ എന്ന ചോദ്യത്തിന് ഇല്ലായെന്ന മറുപടിയാണ് ബിഷപ്പ് നല്‍കിയതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിക്കുന്നു. പ്രധാനചോദ്യങ്ങളും മൊഴികളിലെ ഉപചോദ്യങ്ങളുമായി ഇരുന്നൂറോളം ചോദ്യങ്ങളുടെ പട്ടികയാണ് ഇന്നത്തെ ചോദ്യം ചെയ്യലിനായി പൊലീസ് തയ്യാറാക്കിയതെന്നാണ് സൂചന. ഇന്നലെ ബിഷപ്പിനെ ചോദ്യം ചെയ്തതിന് ശേഷം റേഞ്ച് ഐജിയുടെ സാന്നിദ്ധ്യത്തിൽ കോട്ടയം എസ്പിയും, അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പിയും കൊച്ചിയിൽ യോഗം ചേർന്നിരുന്നു. ബിഷപ്പ് നല്‍കിയ മൊഴിയിലെ വിവരങ്ങളും ഭാവി നടപടികളും യോഗത്തില്‍ ചര്‍ച്ചയായിട്ടുണ്ട്. 
 

Follow Us:
Download App:
  • android
  • ios