ക്യാമ്പ് ഫോളോവർമാരെ കൊണ്ട് പിവി രാജു വീട്ടിലെ ടൈൽസ് പണി ചെയ്യിച്ചുവെന്ന പരാതി ഉയർന്നപ്പോള്‍ തന്നെ തല്‍സ്ഥാനത്തുനിന്നും മാറ്റാൻ ഡിജിപി ശുപാർശ ചെയ്തിരുന്നു
തിരുവനന്തപുരം: കീഴ്ജീവനക്കാരെ കൊണ്ട് ദാസ്യപ്പണി ചെയ്യിച്ചെന്ന് അന്വേഷണത്തിൽ കണ്ടെത്തിയ തിരുവനന്തപുരം എസ്എപി ക്യാമ്പ് ഡെപ്യൂട്ടി കമാണ്ടൻറ് പി.വി.രാജുവിനെ തൽസ്ഥാനത്ത് നിന്ന് നീക്കാൻ ഡിജിപി ശുപാർശ ചെയ്തു. രാജുവിനെതിരെ ശിക്ഷണ നടപടി സ്വീകരിക്കണമെന്നും ആഭ്യന്തരസെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നുണ്ട്.
ക്യാമ്പ് ഫോളോവർമാരെ കൊണ്ട് പിവി രാജു വീട്ടിലെ ടൈൽസ് പണി ചെയ്യിച്ചുവെന്ന പരാതി ഉയർന്നപ്പോള് തന്നെ തല്സ്ഥാനത്തുനിന്നും മാറ്റാൻ ഡിജിപി ശുപാർശ ചെയ്തിരുന്നു. പക്ഷെ അന്വേഷണ റിപ്പോർട്ടിന് ശേഷം നടപടിയെന്നായിരുന്നു ആഭ്യന്തരവകുപ്പിൻറെ നിലപാട്.
ദാസ്യപ്പണിയെടുപ്പിക്കുന്നുവെന്ന് ഐജി ജയരാജ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അന്വേഷണ റിപ്പോർട്ടിൻമേൽ രാജുവിനെ സ്ഥാനത്തുനിന്ന് നീക്കി ശിക്ഷണ നടപടി എടുക്കണമെന്നാണ് ഡിജിപി ഇപ്പോൾ ആഭ്യന്തരസെക്രട്ടറിക്ക് ശുപാർശ നൽകിയിരിക്കുന്നത്.
ഡ്രൈവർ ഗവാർസ്ക്കർക്കെതിരായ പരാതിയിൽ ഉറച്ചുനിൽക്കുന്നതായി എഡിജിപി സുധേഷ് കുമാറിൻറെ മകള് ക്രൈം ബ്രാഞ്ചിനോട് പറഞ്ഞു. എഡിജിപിയും ഭാര്യയും നൽകിയ മൊഴിയും ഗവാസ്ക്കർക്കെതിരായാണ് . മുതിർന്ന അഭിഭാഷകനിൽ നിന്നും നിയമോപദേശം തേടിയ ശേഷമാണ് ഇന്നലെ വൈകുന്നേരം മൊഴി നൽകിയത്. അപകടത്തെ കുറിച്ചുള്ള പെൺകുട്ടിയുടെ മൊഴിയിലെ വൈരുദ്ധ്യം ക്രൈംബ്രാഞ്ച് പരിശോധിച്ച് വരികയാണ്.
