സര്‍ക്കാറുമായി 11 മാസത്തെ ഏറ്റുമുട്ടലിന് ശേഷമാണ് സെന്‍കുമാര്‍ വീണ്ടും പൊലീസ് മേധാവിയായത്. എന്നാല്‍ സര്‍ക്കാറിന് പഴി കേള്‍ക്കുന്നത് ഒഴിവാക്കാനാണ് സെന്‍ കുമാര്‍ ഉദ്യോഗസ്ഥര്‍ക്ക് ആദ്യ നിര്‍ദ്ദേശം നല്‍കിയത്. കേസുകള്‍, അന്വേഷണ പുരോഗതി തുടങ്ങി നിയമസഭയില്‍ പൊലീസിനെ കുറിച്ച് ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി നല്‍കേണ്ട മറുപടി വ്യക്തമായി തയ്യാറാക്കാനാണ് നിര്‍ദ്ദേശം. പൊലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ക്കാണ് നിര്‍ദ്ദേശം. 

പൊലിസിനെ കുറിച്ചുള്ള പല ചോദ്യങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി നല്‍കുന്നില്ലെന്ന പ്രതിപക്ഷത്തിന്റെ പരാതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് പൊലീസ് മേധാവിയുടെ നിര്‍ദ്ദേശം. വിവരാവകാശനിയമ പ്രകാരമുള്ള അപേക്ഷകളില്‍ കാലതാമസമില്ലാതെ മറുപടി നല്‍കണമെന്നും ഉദ്യോഗസ്ഥരോട് സെന്‍കുമാര്‍ ആവശ്യപ്പെട്ടു. 

അധികം വൈകാതെ സെന്‍കുമാര്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും. നാളെ വൈകീട്ട് പൊലീസ് മേധാവി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. സര്‍ക്കാറുമായി ഏറ്റുമുട്ടലിനില്ലെന്ന് ചുതലയേറ്റ് ശേഷം സെന്‍കുമാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കോടതിയലക്ഷ്യ പരാതിയിലും രേഖയിലെ കൃത്രിമം ചമക്കലില്‍ ചീഫ് സെക്രട്ടറിക്കെതിരായ പരാതിയിലുമുള്ള തുടര്‍പോരാട്ടത്തെ കുറിച്ച് സെന്‍കുമാര്‍ മൗനത്തിലാണ്.