കഴിഞ്ഞ ജനുവരി ഒന്നിനാണ് കൊച്ചി കെഎസ്എന്‍ മേനോന്‍ റോഡിലെ ചെന്പകശ്ശേരി വീട്ടില്‍ നിന്നും 40 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങള്‍ മോഷണം പോകുന്നത്. ചെമ്പകശ്ശേരിയിലെ വീട്ടില്‍ കിടപ്പ് മുറിയിലെ ഭിത്തി അലമാരയിലാണ് ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്. മുറിയിലെ എസി കേടായിരുന്നതിനാല്‍ രാത്രി ജനാല തുറന്നിട്ടിരുന്നു. ഈ ജനാലയിലൂടെ തറ തുടയ്ക്കുന്ന വടി കടത്തി ബാഗ് തോണ്ടിയെടുത്ത് അതില്‍ നിന്ന് മാലയും വളയും ടൈറ്റാനിക് ബിജു കവരുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

കൊല്ലത്ത് നിന്ന് ട്രെയിന്‍ കയറി രാത്രി പതിനൊന്നിന് കൊച്ചിയിലെത്തിയ ബിജു റെയില്‍വെ സ്‌റ്റേഷന് മുന്നിലിരിക്കുന്ന സൈക്കിളുകള്‍ കവര്‍ന്നാണ് മോഷണത്തിന് അനുയോജ്യമായ വീട് കണ്ടുപിടിക്കുന്നത്. ജനുവരി ഒന്‍പതിന് സൈക്കിളില്‍ കറങ്ങവേ ജനല തുറന്ന് കിടക്കുന്ന വലിയ വീട് ശ്രദ്ധയില്‍ പെടുകയും മോഷണം നടത്തുകയുമായിരുന്നു.

മോഷണത്തിന് ശേഷം ദിണ്ടിക്കലിലെ സുഹൃത്തിനടുത്തേക്ക് പോയ ബിജു അവിടെ ആഭരണങ്ങള്‍ വില്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ദിണ്ഡിക്കലില്‍ എത്തിയ പൊലീസ് സംഘം ബിജുവിനെയും സഹായി ദിണ്ഡിക്കല്‍ സ്വദേശി ജെയത്തിനെയും കസ്റ്റഡിയിലെടുത്തു. ഇവരില്‍ നിന്ന് 18 ലക്ഷം രൂപ വില വരുന്ന മാലയും നാല് ലക്ഷം രൂപ വില വരുന്ന കമ്മലും കണ്ടെത്തു. ഇവര്‍ വിറ്റ നാല് സ്വര്‍ണ വളകളും രണ്ട് ഡയമണ്ട് വളകളും കണ്ടെക്കാനുള്ള ശ്രമം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.