വിമാനത്തിന് സമാനമായ സൗകര്യങ്ങള്‍ ചുരുങ്ങിയ നിരക്കില്‍ ലഭ്യമാക്കുമെന്ന പ്രഖ്യാപനത്തോടെ സര്‍വ്വീസ് ആരംഭിച്ച തേജസ് എക്സ്‍പ്രസിന് ആദ്യ യാത്രയില്‍ തന്നെ 'പരിക്ക്'. ഔദ്ദ്യോഗികമായ ഫ്ലാഗ് ഓഫിന് മുമ്പ് നടത്തിയ പരീക്ഷണ യാത്രയിലാണ് ഹെഡ്ഫോണുകള്‍ മോഷ്ടിക്കപ്പെടുകയും യാത്രക്കാര്‍ ട്രെയിനിന് കാര്യമായ തകരാറുകളുണ്ടാക്കുകയും ചെയ്തത്.

കപൂര്‍ത്തല റെയില്‍ കോച്ച് ഫാക്ടറിയില്‍ നിര്‍മ്മിച്ച തേജസ് എക്സ്‍പ്രസ് മേയ് 22നാണ് ആദ്യ യാത്ര നടത്തിയത്. ഓട്ടോമാറ്റിക് ഡോറുകള്‍ അടക്കമുള്ള സൗകര്യങ്ങള്‍ സജ്ജീകരിച്ച ട്രെയിനില്‍ ഓരോ സീറ്റിലും എല്‍.സി.ഡി സ്ക്രീനുകളും ഹെഡ്ഫോണുകളുമുണ്ടായിരുന്നു. മുംബൈ മുതല്‍ ഗോവ വരെ നടത്തിയ യാത്രക്ക് ശേഷം പരിശോധിച്ചപ്പോഴാണ് ട്രെയിനില്‍ നിന്ന് നിരവധി ഹെഡ്ഫോണുകള്‍ കാണാതായെന്ന് കണ്ടെത്തിയത്. യാത്രക്കാര്‍ മോഷ്ടിച്ചതോ അല്ലെങ്കില്‍ യാത്രയ്ക്കൊടുവില്‍ അത് തങ്ങള്‍ക്ക് കൊണ്ടുപോകാമെന്ന് കരുതി എടുത്ത്കൊണ്ടു പോയതോ അവാമെന്നാണ് അധികൃതര്‍ പറയുന്നത്. യാത്ര തുടങ്ങിയ തൊട്ടുടനെയാണ് ഹെഡ്ഫോണുകള്‍ യാത്രക്കാര്‍ക്ക് നല്‍കിയത്. ഇത് തിരിച്ചേല്‍പ്പിക്കണമെന്ന് പ്രത്യേകം പറഞ്ഞിരുന്നില്ല. ട്രെയിനിലെ തലയണയും പുതപ്പും ആരും എടുത്തുകൊണ്ട് പോവാത്തത് പോലെ ഇതും അവിടെത്തന്നെയുണ്ടാകുമെന്ന ധാരണയിലാണ് തിരിച്ചേല്‍പ്പിക്കണമെന്ന് പ്രത്യേകം പറയാതിരുന്നത്രെ.

ഇതിന് പുറമെ നിരവധി എല്‍.സി.ഡി സ്ക്രീനുകള്‍ക്കും തകരാറുണ്ട്. യാത്രക്കാരില്‍ ചിലര്‍ സ്ക്രീനുകള്‍ ഇളക്കിയെടുക്കാന്‍ ശ്രമിച്ചതാണ് ഇത് തകരാറിലാവാന്‍ കാരണമെന്ന് അധികൃതര്‍ പറയുന്നു. പൂര്‍ണ്ണമായും ശീതീകരിച്ച ട്രെയിനിലെ ജനലുകള്‍ വരെ ചിലര്‍ അടിച്ചുപൊട്ടിച്ചു.