കേരളത്തിൽ ചിക്കൻഗുനിയയും ഡെങ്കിയും മലേറിയയും പടർന്നു പിടിക്കുമെന്ന് ദേശീയ രോഗപ്രതിരോധ കേന്ദ്രത്തിന്‍റെ  മുന്നറിയിപ്പ്. എലിപ്പനി പ്രതിരോധ ഗുളികകൾ കഴിക്കാത്തതാണ് സ്ഥിതി ഗുരുതരമാക്കിയതെന്നും  എൻ.സി.ഡി.സി  പറയുന്നു.


ദില്ലി: കേരളത്തിൽ ചിക്കൻഗുനിയയും ഡെങ്കിയും മലേറിയയും പടർന്നു പിടിക്കുമെന്ന് ദേശീയ രോഗപ്രതിരോധ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. എലിപ്പനി പ്രതിരോധ ഗുളികകൾ കഴിക്കാത്തതാണ് സ്ഥിതി ഗുരുതരമാക്കിയതെന്നും എൻ.സി.ഡി.സി പറയുന്നു.

പതിനഞ്ച് ദിവസത്തിനുള്ളിൽ ചിക്കൻഗുനിയ, മലേറിയ, ഡെങ്കിപ്പനി എന്നിവ പടരാമെന്നാണ് നാഷണൽ സെന്‍റര്‍ ഫോർ ഡീസിസ് കണ്ട്രോൾ നൽകുന്ന മുന്നറിയിപ്പ്. പകര്‍ച്ചാ വ്യാധികളുടെ കാര്യത്തിൽ അടുത്ത മൂന്നു മാസം കേരളത്തിന് നിര്‍ണായകമാണ്. വെള്ളപ്പൊക്കം പൂര്‍ണമായും മാറാത്തതിനാൽ കൊതുക് പെരുകുന്നതിന് കാരണമാകും .ആരോഗ്യവിദഗ്ദരുടെ നിർദ്ദേശങ്ങൾ പൂർണ്ണമായി പാലിച്ച് മുൻകരുതലുകൾ എടുക്കണം.

സംസ്ഥാനത്ത് എലിപ്പനി പടരുന്നത് ആശങ്കാജനകമാണ്. പ്രളയം സംസ്ഥാനത്താകെ എലിപ്പനി ബാധയ്ക്ക് കാരണമായിആവശ്യമായ മുന്നറിയിപ്പുകൾ കേന്ദ്രം നൽകിയിരുന്നതായും സംസ്ഥാനം മികച്ച രീതിയിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയതായും എൻസിഡിസി പറയുന്നു. എലിപ്പനി ചികിത്സയ്ക്കായി എൻസിഡിസിയുടെ 12അംഗ വിദഗ്ധ സംഘം കേരളത്തിലെത്തിയിട്ടുണ്ട്. ഇവരുടെ റിപ്പോർട്ട് അനുസരിച്ച് തുടർനടപടി തീരുമാനിക്കുമെന്ന് എൻസിഡിസി അറിയിച്ചു. പകർച്ചവ്യാധികൾ നേരിട്ട് കൂടുതൽ പരിചയമുള്ള തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങളുടെ സഹായം കേരളത്തിന് തേടാമെന്നും വിദഗ്ധർ നിർദ്ദേശിക്കുന്നു.