കൊച്ചി: യുവനടി ആക്രമണത്തിന് ഇരയായ സംഭവത്തിൽ നടൻ ദിലീപിനേയും സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ നാദിർഷയേയും പോലീസ് വീണ്ടും ചോദ്യം ചെയ്യും. കൂടുതൽ കാര്യങ്ങളിൽ വ്യക്തതവരുത്താനാണ് ഇരുവരേയും വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിച്ചതെന്നു ആലുവ റൂറൽ എസ്പി വ്യക്തമാക്കി. ഗൂഢാലോചനയിലും ദിലീപിന്‍റെ പരാതിയിലും ചോദ്യം ചെയ്യുമെന്നാണ് വിവരം. ഐ​ജി ബി.​സ​ന്ധ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ലു​വ പോ​ലീ​സ് ക്ല​ബി​ലായിരുന്നു ഇന്നലെ ഇ​രു​വ​രേ​യും ചോ​ദ്യം ചെ​യ്തത്.

നേരത്തെ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനും സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായ്‌ക്കും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. ദിലീപിനെയും നാദിര്‍ഷായേയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയേയും വിശദമായി ചോദ്യം ചെയ്തുവെന്നും ആവശ്യമെങ്കില്‍ ഇവരെ വീണ്ടും വിളിപ്പിക്കുമെന്നും ആലുവ റൂറല്‍ എസ്‌പി എ വി ജോര്‍ജ് പറ‍ഞ്ഞു. 

പുലര്‍ച്ചെ ഒന്നരക്കാണ് ഇരുവരുടെയും 13 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായത്. എന്നാല്‍ മാരത്തണ്‍ ചോദ്യം ചെയ്യലിനൊടുവില്‍ പുറത്തുവന്ന ദിലീപ് തന്റെ പരാതിയില്‍ മൊഴിയെടുക്കാനാണ് പൊലീസ് വിളിപ്പിച്ചതെന്ന് നിലപാട് ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചു. കേസില്‍ പൂര്‍ണ്ണ ആത്മവിശ്വാസമുണ്ടെന്നും ദിലീപ് പറഞ്ഞു.

അതേ സമയം ദിലീപിനോട് ചോദിച്ച വിവരങ്ങള്‍ സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. നടിയുമായി സൗഹൃദം ഉണ്ടായിരുന്നില്ലെന്ന് ദിലീപ് പോലീസിനോട് പറഞ്ഞു. എന്നാല്‍ ഇവരുടെ സിനിമയിലെ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയിട്ടില്ലെന്ന് ദിലീപ് ചോദ്യം ചെയ്യലില്‍ പറഞ്ഞു. ദിലീപിന്‍റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളും ബന്ധങ്ങളും പോലീസ് ചോദിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനില്‍കുമാറിനെ അറിയില്ലെന്നും ദിലീപ് പറഞ്ഞു.

ഇപ്പോള്‍ ദിലീപ്, നാദിര്‍ഷ, ദിലീപിന്‍റെ സെക്രട്ടറി അപ്പുണ്ണി എന്നിവരുടെ മൊഴികള്‍ പരിശോധിക്കുകയാണ് ഇപ്പോള്‍ പോലീസ്. ഇതില്‍ വൈരുദ്ധ്യങ്ങള്‍ ഉണ്ടെങ്കില്‍ പോലീസ് വീണ്ടും ഉടന്‍ ദിലീപിനെയും നാദിര്‍ഷയെയും വിളിപ്പിക്കും എന്നാണ് റിപ്പോര്‍ട്ട്.