ആലുവ: ഏറെ അഭ്യൂഹങ്ങളും പിരിമുറുക്കവും നീണ്ടുനിന്ന ദിവസമായിരുന്നു ഇന്നലെ നടിയെ ആക്രമിച്ച കേസിൽ ഉണ്ടായത്. ഒരു സിനിമാ താരത്തെ ഇത്രയധികം നേരം പോലീസ് ചോദ്യം ചെയ്തതും കേരളത്തിൽ ആദ്യത്തെ സംഭവം.

പുലര്‍ച്ചെ തേനിയിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്ന് ദിലീപ് ആലുവയിലെ വീട്ടിലേക്ക്. 12 മണിക്ക് മുന്‍പ് ആലുവാ പോലീസ് ക്ലബിലേക്ക് എത്താനായിരുന്നു നിര്‍ദ്ദേശം. 12.10ന് KL 07 CH 5445 നമ്പറുള്ള പോളോ കാറിൽ പൊലീസ് ക്ലബിലേക്ക്. കാത്ത് നിന്ന മാധ്യമപ്രവര്‍ത്തരോട് മാധ്യമവിചാരണയ്ക്കില്ലെന്ന് കുറഞ്ഞ വാക്കില്‍ പ്രതികരണം. 

12.20ന് പൊലീസ് ക്ലബിന് മുന്നില്‍ ചുവന്ന പൊളോ കാറിലെത്തിയ നാദിര്‍ഷാ ദിലീപിനായി കാത്തു കിടക്കുന്നു. 12.30 ന് ദിലീപിന്‍റെയും നാദിര്‍ഷായുടേയും വാഹനങ്ങള്‍ പൊലീസ് ക്ലബിനുള്ളിലേക്ക്. ഒരു മണിയോടെ ദിലീപിന്‍റെ മാനേജര്‍ അപ്പുണ്ണിയെയും പോലീസ് വിളിച്ചുവരുത്തുന്നു. ചോദ്യം ചെയ്യാന്‍ എഡിജിപി ബി സന്ധ്യ, ആലുവ റൂറല്‍ എസ്‌പി എ വി ജോര്‍ജ് കേസ് അന്വഷിക്കുന്ന മൂന്ന് സിഐമാര്‍ എന്നിവരുടെ നിര.16 ചോദ്യങ്ങളടങ്ങുന്ന ചോദ്യവലിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍ എന്ന് പറഞ്ഞ പോലീസ് ദിലീപിന്‍റെ പരാതിയില്‍ മൊഴിയെടുക്കല്‍ അല്ല നടക്കുന്നത് എന്ന് വ്യക്തമാക്കി.

3.30 ഒടെ ഉച്ചഭക്ഷണത്തിന് വേണ്ടി ചോദ്യം ചെയ്യല്‍ നിര്‍ത്തിവച്ചു. എല്ലാവര്‍ക്കും പോലീസ് വക ഭക്ഷണം. 4 മണിക്ക് ചോദ്യം ചെയ്യല്‍ വീണ്ടും ആരംഭിച്ചു. പോലീസ് ക്ലബിന്‍റെ മൂന്നാം നിലയില്‍ വെവ്വെറെ മുറികളിലാണ് ദിലീപിനെയും നാദിര്‍ഷയെയും പോലീസ് ചോദ്യം ചെയ്തത്. അപ്പുണ്ണിയെ ചോദ്യം ചെയ്തത് പോലീസ് ക്ലബിന്‍റെ താഴത്തെ നിലയിലും. ചോദ്യം ചെയ്യല്‍ നീളുമെന്ന് സൂചന. ചില കാര്യങ്ങളില്‍ വ്യക്തത തേടുവാന്‍ പോലീസ് ശ്രമിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.

സമയം ആറുമണി ദിലീപ് ഇല്ലാതെ താരസംഘടന അമ്മയുടെ എക്സിക്യൂട്ടീവ് യോഗം കൊച്ചി ക്രൗണ്‍പ്ലാസയില്‍ ആരംഭിക്കുന്നു. ചോദ്യം ചെയ്യല്‍ ഇനിയും അവസാനിക്കാത്തതിനെക്കുറിച്ച് അഭ്യൂഹങ്ങള്‍ പരക്കുന്നു. 9 മണിക്ക് ചോദ്യം ചെയ്യലില്‍ വീണ്ടും ഇടവേള. മൂന്നുപേര്‍ക്കുമുള്ള കഞ്ഞി പോലീസ് ക്ലബില്‍ എത്തിക്കുന്നു. 

10.30ന് ദിലീപ് മൊബൈല്‍ ചാര്‍ജ്ജര്‍ ആവശ്യപ്പെടുന്നു. 15 മിനുട്ടിന് ശേഷം അത് തിരിച്ചുകൊടുക്കുന്നു. അതേ സമയം ക്രൗണ്‍ പ്ലാസയില്‍ അമ്മ എക്സിക്യൂട്ടീവ് അവസാനിക്കുന്നു. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചുള്ള സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ തരംഗമാകുമ്പോള്‍ ആലുവ പോലീസ് ക്ലബില്‍ ജനപ്രിയനായകന്‍റെ ചോദ്യം ചെയ്യല്‍ പതിനൊന്നാം മണിക്കൂറിലേക്ക് കടക്കുന്നു.

ചോദ്യം ചെയ്യല്‍ തുടര്‍ന്നതോടെ ആലുവ മജിസ്ട്രേറ്റിനോട് ഉറങ്ങരുതെന്ന് പോലീസ് അപേക്ഷിച്ചെന്ന് പോലും, അറസ്റ്റ് ഉണ്ടാകുമെന്നും ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അഭ്യൂഹം പടര്‍ത്തി. 12മണിയോടെ നടന്‍ സിദ്ദിഖും, നദിര്‍ഷയുടെ സഹോദരന്‍ സമദും പോലീസി ക്ലബില്‍ എത്തി. അമ്മയുടെ അറിവോടെയല്ല കാര്യങ്ങള്‍ തിരക്കാനാണ് എത്തിയതെന്ന് സിദ്ദിഖ്. ആദ്യം ഇവരെ അകത്തേക്ക് വിട്ടില്ലെങ്കിലും സമദിനെ പിന്നീട് പോലീസ് അകത്ത് പ്രവേശിപ്പിക്കാന്‍ അനുവദിച്ചു.

പുലര്‍ച്ചെ 1.15 ഓടെ പിരിമുറുക്കങ്ങള്‍ അവസാനിപ്പിച്ച് ദിലീപും നാദിര്‍ഷയും പുറത്തേക്ക്. എന്നാല്‍ മാരത്തണ്‍ ചോദ്യം ചെയ്യലിനൊടുവില്‍ പുറത്തുവന്ന ദിലീപ് തന്റെ പരാതിയില്‍ മൊഴിയെടുക്കാനാണ് പൊലീസ് വിളിപ്പിച്ചതെന്ന് നിലപാട് ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചു. കേസില്‍ പൂര്‍ണ്ണ ആത്മവിശ്വാസമുണ്ടെന്നും ദിലീപ് പറഞ്ഞു.