ദുബായ്: ലാവ്ലിന്‍ കേസുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ ഇടം നേടിയ പ്രവാസി വ്യവസായി ദിലീപ് രാഹുലന് ദുബായി ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി ശിക്ഷ വിധിച്ചതായി റിപ്പോര്‍ട്ട്. ദിലീപ് രാഹുലന് ചെക്ക് കേസില്‍ മൂന്നുവര്‍ഷത്തെ തടവുശിക്ഷ വിധിച്ചുവെന്നും യുഎഇ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ദിലീപിന്റെ അസാന്നിധ്യത്തിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

പസഫിക് കണ്‍ട്രോള്‍ എന്ന ടെക്‌നോളജി സ്ഥാപനത്തിന്റെ ഉടമയും കൊച്ചി സ്വദേശിയുമാണ് ദിലീപ് രാഹുലന്‍. ഇന്ത്യന്‍ പൗരനായ എസ്.ടി. വിനോദ് ചന്ദ്ര നല്‍കിയ പരാതിയിലാണ് കോടതി നടപടി. ദിലീപ് ഒപ്പിട്ട 5.9 മില്യണ്‍ ഡോളറിന്റെ രണ്ടു ചെക്കുകള്‍ ആവശ്യത്തിനു ഫണ്ടില്ലത്തതിനെ തുടര്‍ന്നു മടങ്ങിയെന്നാണ് കേസ്. വ്യക്തിപരമായ കേസാണെന്നും കമ്പനിക്കു പങ്കില്ലെന്നും പസഫിക് കണ്‍ട്രോള്‍ അറിയിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.

ദിലീപ് എവിടെയാണെന്നു വ്യക്തമല്ല. ഇയാള്‍ക്കെതിരേ ദുബായ് സര്‍ക്കാര്‍ ഇന്റര്‍പോള്‍ വഴി രാജ്യാന്തര അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇയാള്‍ക്ക് ഓസ്‌ട്രേലിയന്‍ പാസ്‌പോര്‍ട്ടുണ്ട്. നിലവിലെ വിലാസം അമേരിക്കയിലെ ന്യൂജഴ്‌സിയിലാണ്. ലാവ്‌ലിന്‍ കമ്പനിയില്‍ ബിസിനസ് ഡെവല്‌മെന്റ് ഓഫീസറായിരുന്ന ദിലീപ് രാഹുലനെ കേസുമായി ബന്ധപ്പെട്ട് സിബിഐ ചോദ്യം ചെയ്തിരുന്നു.