കൊച്ചി: നടന്‍ ദിലീപിന്‍റെ ഡി സിനിമാസ് ഭൂമി ഇടപാടില്‍ വ്യാപകക്രമക്കേട് നടന്നതായി ലാൻറ് റവന്യൂ കമ്മീഷണറുടെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിൻറെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 35 സെൻറ് സ്ഥലം തോട് പുറമ്പോക്കാണെന്നാണ് റിപ്പോര്‍ട്ട്. ബാക്കി സ്ഥലം വലിയ തമ്പുരാൻ കോവിലകം വകയാണ്. സ്ഥലത്തിന് ആദ്യമായി പോക്കുവരവ് ചെയ്ത് കരമടച്ചത് 2005ലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ക്രമക്കേട് ബോധ്യപ്പെട്ടതിനാല്‍ വീണ്ടും അന്വേഷിക്കണമെന്നും കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു. ഹൈക്കോടതി നിര്ദേശപ്രകാരം 2015ലാണ് കമ്മീഷണര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

അതേസമയം ഡി സിനിമാസ് ഭൂമി കയ്യേറ്റത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തൃശൂർ വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. ദിലീപ് പുറംപോക്ക് ഭൂമി കൈയ്യേറിയെന്നും ഇതിനായി അന്നത്തെ ജില്ലാ കളക്ടർ എം എസ് ജയ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ കൂട്ടുനിന്നു എന്നുമാണ് പരാതി. പൊതുപ്രവര്‍ത്തകന്‍ പി ഡി ജോസഫാണ് ഇതുസംബന്ധിച്ച് ഹർജി നൽകിയത്.

ലാൻഡ് റവന്യു കമ്മീഷണറുടെ റിപ്പോർട്ടും മറ്റ് തെളിവുകളും ഹർജിക്കാരൻ ഇന്ന് കോടതിയിൽ ഹാജരാക്കും. ഡി സിനിമാസിനു വേണ്ടി കലാഭവന്‍ മണിയുടെ സ്വത്ത് ഉപയോഗിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നുണ്ട്. എതിര്‍കക്ഷികളുടെ സ്വത്തുവിവരങ്ങള്‍ പരിശോധിക്കണമെന്ന ആവശ്യവും പരാതിയിലുണ്ട്.