ചെന്നൈ: ജയലളിതയുടെ മണ്ഡലത്തില്‍ ടിടിവി ദിനകരന്റെ തേരോട്ടം. പതിനായിരം കടന്ന് ദിനകരന്റെ ലീഡ്. ജനദ്രോഹ സര്‍ക്കാരിനെതിരായ ജനവിധിയാണെന്ന് ടി ടി വി ദിനകരന്റെ പ്രതികരണം. ആർകെ നഗർ വെറുമൊരു ഉപതെരഞ്ഞെടുപ്പല്ല തമിഴക രാഷ്ട്രീയത്തിലെ മാറ്റത്തിന്റെ തുടക്കമാണെന്നാണ് ദിനകരൻ പറയുന്നത്. ജയലളിതയുടെ യഥാർത്ഥ പിൻഗാമിആരെന്ന് തമിഴ് ജനത അറിഞ്ഞുതുടങ്ങുമെന്നും ദിനകരൻ പറഞ്ഞു.
വിജയം ഉറപ്പിച്ചെന്ന് പറയാന്‍ സാധിക്കില്ലെങ്കിലും നാലാമത്തെ റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കുമ്പോള്‍ പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം നേടാന്‍ ദിനകരന് സാധിച്ചു. എഐഡിഎംകെ രണ്ടിരട്ടിയിലധികമാണ് ദിനകരന്റെ ഭൂരിപക്ഷം. നേതൃത്വം നല്‍കിയ ആദ്യ തിരഞ്ഞെടുപ്പായിട്ട് പോലും തങ്ങളുടെ വോട്ട് ബാങ്ക് ഉറപ്പിക്കാന്‍ സ്റ്റാലിന് സാധിച്ചില്ല. ഡിഎംകെ വോട്ടുകള്‍ ദിനകരന് ലഭിച്ചെന്നാണ് വിലയിരുത്തലുകള്‍.
എഐഡിഎംകെയ്ക്ക് എതിരെ അനുകൂല സാഹചര്യമുണ്ടായിട്ടും അത് വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താന്‍ ഡിഎംകെയ്ക്ക് സാധിച്ചിട്ടില്ല. എന്നാല്‍ ആര്‍ കെ നഗറില്‍ ബിജെപിയുടെ അവസ്ഥ ഏറെ പരിതാപകരമാണ്. നോട്ടയ്ക്കും പിന്നിലായാണ് ബിജെപിയ്ക്ക് ലഭിച്ച വോട്ടുകള്‍.
