കോഴിക്കോട്: മലപ്പുറത്തിന് പിന്നാലെ കോഴിക്കോട്ടും ഡിഫ്തീരിയ രോഗം പടരുന്നു. ജില്ലയില്‍ വനിതാ ഡോക്ടര്‍ക്കടക്കം അഞ്ചു പേര്‍ക്ക് ഡിഫ്തീരിയ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്. പ്രതിരോധശേഷി കൂട്ടാന്‍ ഡോക്ടര്‍മാര്‍ക്ക് ബൂസ്റ്റര്‍ വാക്‌സിനേഷന്‍ നല്‍കുമെന്ന് കെ ജി എം ഒ അറിയിച്ചു.

ഒളവണ്ണ, മാവൂര്‍, കുന്ദമംഗലം മേഖലകളില്‍ നിന്നായി നാലു പേരാണ് ഡിഫ്തീരിയ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്. പ്രതിരോധ കുത്തിവയ്‌പ്പെടുക്കാത്ത കുട്ടികളടക്കം അയ്യായിരത്തിലേറെ പേര്‍ കോഴിക്കോട് ജില്ലയിലുണ്ട് എന്നത് വലിയ ആശങ്ക ഉണ്ടാക്കുന്നതായി ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു.

ആരോഗ്യപ്രവര്‍ത്തകരിലേക്കു കൂടി രോഗം പടര്‍ന്നത് ആശങ്ക കൂട്ടുന്നുണ്ട്. ഫറൂഖ് താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്‌ടര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗിയെ ചികിത്സിക്കുന്നതിനിടയിലാകാം ഡോക്ടര്‍ക്ക് രോഗം ബാധിച്ചത് എന്നാണ് നിഗമനം. മുതിര്‍ന്നവര്‍ക്കൊപ്പം പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനാണ് ആരോഗ്യവകുപ്പ് അധികൃതരുടെ നീക്കം.