പി വി രാജുവിനെതിരെ അച്ചടക്ക നടപടി ഉണ്ടായേക്കും
തിരുവനന്തപുരം: കീഴ്ജീവനക്കാരെ കൊണ്ട് ദാസ്യപ്പണി ചെയ്യിച്ചെന്ന് കണ്ടെത്തിയ തിരുവനന്തപുരം എസ്എപി ക്യാന്പ് ഡെപ്യൂട്ടി കമാണ്ടൻറ് പി.വി.രാജുവിനെതിരെ വകുപ്പുതല നടപടിയുണ്ടായേക്കും. ഡിജിപി ഇന്ന് സർക്കാരിന് റിപ്പോർട്ട് നൽകും. ക്യാമ്പ് ഫോളോവർമാരെ കൊണ്ട് പിവി രാജു വീട്ടിലെ ടൈൽസ് പണി ചെയ്യിച്ചുവെന്ന പരാതി ഉയർന്നപ്പോള്‍ തന്നെ തല്‍സ്ഥാനത്തുനിന്നും മാറ്റാൻ ഡിജിപി ശുപാർശ ചെയ്തിരുന്നു.
പക്ഷെ അന്വേഷണ റിപ്പോർട്ടിന് ശേഷം നടപടിയെന്നായിരുന്നു ആഭ്യന്തരവകുപ്പിന്റെ നിലപാട്. ദാസ്യപ്പണിയെടുപ്പിക്കുന്നുവെന്ന് ഐജി ജയരാജ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി റിപ്പോർട്ട് കൈമാറി. ഡിജിപിയുടെ ശുപാർശയോടെ സർക്കാരിന് റിപ്പോർട്ട് കൈമാറണം. പൊലീസുദ്യോഗസ്ഥനെതിരെ ദാസ്യപ്പണിയെടുപ്പിച്ചവെന്ന മൊഴി അന്വേഷണ ഉദ്യോഗസ്ഥന് ലഭിക്കുന്നത് ഇതാദ്യമായാണ്. അതിനാൽ രാജുവിനെരെ അച്ചക്കട നടപടിക്ക് ഡിജിപി ശുപാർശ ചെയ്യുമെന്നാണ് സൂചന.
ഡ്രൈവർ ഗവാർസ്ക്കർക്കെതിരായ പരാതിയിൽ ഉറച്ചുനിൽക്കുന്നതായി എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ ക്രൈം ബ്രാഞ്ചിനോട് പറഞ്ഞു. എഡിജിപിയും ഭാര്യയും നൽകിയ മൊഴിയും ഗവാസ്ക്കർക്കെതിരാണ്. മുതിർന്ന അഭിഭാഷകനിൽ നിന്നും നിയമോപദേശം തേടിയ ശേഷമാണ് ഇന്നലെ വൈകുന്നേരം പെണ്‍കുട്ടി മൊഴി നൽകിയത്. അപകടത്തെ കുറിച്ചുള്ള പെൺകുട്ടിയുടെ മൊഴിയിലെ വൈരുദ്ധ്യം ക്രൈംബ്രാഞ്ച് പരിശോധിച്ച് വരികയാണ്.
