സുപ്രീംകോടതിയിലെ പ്രഗത്ഭരായ അഭിഭാഷകരുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ സൗമ്യകേസില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. സുപ്രീം കോടതിയിലെ സ്റ്റാന്റിങ് കോണ്‍സല്‍മാരുമായി കൂടിക്കാഴ്ച നടത്തിയ മന്ത്രി എ.കെ.ബാലന്‍, ചില മുതിര്‍ന്ന അഭിഭാഷകരുമായും ചര്‍ച്ച നടത്തിയേക്കും. വിധി വന്ന് 30 ദിവസത്തിനകമാണ് പുനഃപരിശോധനാ ഹര്‍ജി നല്‍കേണ്ടത്. കേസില്‍ തിരുത്തല്‍ ഹര്‍ജിയാകും നല്‍കുകയെന്ന് കഴിഞ്ഞ ദിവസം അഡ്വക്കേറ്റ് ജനറല്‍ സി.പി സുധാകരപ്രസാദ് പറഞ്ഞിരുന്നു. പക്ഷേ പുനഃപരിശോധന ഹര്‍ജി നല്‍കിയ ശേഷം അത് കോടതി അംഗീകരിച്ചില്ലെങ്കില്‍ മാത്രമെ തിരുത്തല്‍ ഹര്‍ജി നല്‍കാന്‍ സര്‍ക്കാരിന് സാധിക്കുകയുള്ളു. അല്ലാതെ നേരിട്ട് തിരുത്തല്‍ ഹര്‍ജി നല്‍കാന്‍ സാങ്കേതികമായി സര്‍ക്കാരിന് സാധിക്കില്ല. സൗമ്യകേസ് സുപ്രീം കോടതിയില്‍ വാദിച്ച മുതിര്‍ന്ന അഭിഭാഷകന്‍ തോമസ് പി ജോസഫ് കേരള ഹൗസിലെത്തി മന്ത്രി എ.കെ ബാലനെ കണ്ടു. പുതിയ സാഹചര്യത്തില്‍ ഒരു പിഴവും ഉണ്ടാകാതെ തുടര്‍ നടപടികളുമായി മുന്നോട്ടുപോവുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഗോവിന്ദച്ചാമിക്ക് വധശിക്ഷ ഉറപ്പാക്കുന്നതിന് അപ്പുറത്ത് കൊലപാതകത്തിനുള്ള 302ാം വകുപ്പ് 325ാം വകുപ്പാക്കി മാറ്റിയതിലെ നിയമ പ്രശ്നമാകും പ്രധാനമായും സംസ്ഥാനം ­ചൂണ്ടിക്കാട്ടുക.