പാലക്കാട്ടെ കഞ്ചിക്കോട്, പുതുശ്ശേരി മേഖലയില്‍ മാത്രം പ്രവര്‍ത്തിക്കുന്നത് 60 ല്‍ അധികം വ്യവസായ യൂണിറ്റുകളാണ്. ഇതില്‍ 6 എണ്ണം വെള്ളം കൂടുതലായി വേണ്ട മദ്യവും ശീതള പാനീയവും നിര്‍മ്മിക്കുന്ന യൂണിറ്റുകള്‍. 100 ലേറെ കുഴല്‍കിണറുകള്‍ വ്യവസായ മേഖലയിലുണ്ടെന്ന് ഭൂജല വകുപ്പ് പറയുന്നു. എന്നാല്‍ ഇവ എത്ര വെള്ളം ഊറ്റുന്നുവെന്ന് പറയാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല.

പ്രതിദിനം 2.5 ലക്ഷം ലിറ്റര്‍ വെള്ളമെടുക്കാന്‍ അനുമതി നല്‍കിയ പെപ്‌സി കമ്പനി കോടതി വിധിയിലൂടെ ഇപ്പോള്‍ ഊറ്റിയെടുക്കുന്നത് 6 ലക്ഷം ലിറ്റര്‍ വെള്ളം. മറ്റ് കമ്പനികള്‍ ഭൂഗര്‍ഭ ജലം ഉപയോഗിക്കുന്നത് സംബന്ധിച്ച് യാതൊരു കണക്കും സര്‍ക്കാരിന്‍റെ കൈവശമില്ല. വെള്ളമൂറ്റുന്നതില്‍ നിയന്ത്രണം വരുത്താന്‍ സര്‍ക്കാരിന് കഴിയുന്നുമില്ല.

ഭൂഗര്‍ഭ ജലനിരപ്പ് ഇനിയും താഴാതെ ഇരിക്കണമെങ്കില്‍ ജലമെടുക്കുന്നതിന് നിയന്ത്രണം വരുത്തേണ്ടത് അനിവാര്യമാണ്.ഒപ്പം മലമ്പുഴ വെള്ളം കുടിവെള്ളത്തിന് മാത്രമായി നിജപെടുത്തുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം പാലിക്കപ്പെട്ടില്ലെങ്കില്‍ പാലക്കാട് കുടിവെള്ളമില്ലാതെ വലയുന്ന കാലം വിദൂരമല്ല.