കൊല്ലം: സിപിഐ കൊല്ലം ജില്ലാ സെക്രട്ടറിയായി ആർ രാജേന്ദ്രനെ നിശ്ചയിക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്‍റെ നീക്കം പാളി. സെക്രട്ടറിസ്ഥാനത്തേയേക്ക് തെരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന് ഉറപ്പായതോടെ നേതൃമാറ്റം വേണ്ടെന്ന് തീരുമാനിച്ച് ജില്ലാ കൗൺസിൽ യോഗം പിരിഞ്ഞു. നിലവിലെ ജില്ലാ സെക്രട്ടറി എൻ അനിരുദ്ധൻ തൽക്കാലം തുടരും.

കേന്ദ്ര എക്സിക്യൂട്ടിവിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എൻ അനിരുദ്ധന് പകരം ആർ രാജേന്ദ്രനെ ജില്ലാ സെക്രട്ടറി സ്ഥാനത്തേയ്ക്ക് നിർദ്ദേശിക്കാൻ കഴി‍ഞ്ഞ ദിവസത്തെ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിച്ചിരുന്നു. തീരുമാനം നടപ്പാക്കാൻ എത്തിയ പാർട്ടി സംസ്ഥാന സെക്രട്ടറി പക്ഷെ ജില്ലയിൽ രുക്ഷമായ എതിർപ്പാണ് നേരിട്ടത്.

സെക്രട്ടറി സ്ഥാനത്തേയ്ക്ക് പി എസ് സുപാലിന്‍റെ പേര് എക്സിക്യട്ടീവിൽ ഉന്നയിക്കപ്പട്ടു. ജില്ലാ കൗൺസിൽ യോഗത്തിലും സുപാലിനെ പിന്തുണച്ച് അംഗങ്ങൾ നിലപാട് എടുത്തു. സംസ്ഥാന അസി. സെക്രട്ടറി പ്രകാശ് ബാബു പക്ഷവും കെ ഇ ഇസ്മായിൽ പക്ഷവുമാണ് സുപാലിനെ പിന്തുണച്ചത്. ഇതേച്ചൊല്ലി യോഗത്തിൽ വലിയ തർക്കവുമുണ്ടായി എന്നാണ് വിവരം. ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണ ഔദ്യോഗിക പക്ഷത്തിന്ആയിരുന്നെങ്കിലും തെരഞ്ഞെടുപ്പ് ഒഴിവാക്കാൻ തൽക്കാലം പഴയ സെക്രട്ടറി തന്നെ തുടരട്ടെ എന്ന കാനം രാജേന്ദ്രന്‍റെ നിലപാട് എല്ലാവരും അംഗീകരിച്ചു.

സംസ്ഥാന തലത്തിൽ ഇതുവരെ ഒന്നിച്ച് നിന്ന കാനം രാജേന്ദ്രനും പ്രകാശ് ബാബുവും കൊല്ലത്തെ നേതൃമാറ്റത്തിന്‍റെ പേരിൽ അകലുകയാണ്. ഒപ്പം കാനത്തോട് നേരത്തെ തെറ്റിനിൽക്കുന്ന കെ ഇ ഇസമായിൽ പക്ഷം കൊല്ലത്ത് പ്രകാശ് ബാബുവിനൊപ്പം ചേരുന്നു. ജില്ലയ്ക്ക് പുറത്തേയ്ക്കും ഈ സംഖ്യം വ്യാപിക്കുമോ എന്നതാണ് ഇനി അറിയേണ്ടത്.