കൊച്ചി: ഒരു മാസമായി തുടരുന്ന സിനിമപ്രതിസന്ധിക്കിടെ തീയറ്റര്‍ ഉടമകളുടെ സംഘടനായ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പിളര്‍പ്പിലേക്ക്. വിലക്ക് മറികടന്ന് ഫെഡറേഷനിലെ 15 തീയറ്ററുകളില്‍ കൂടി തമിഴ് ചിത്രം ഭൈരവ ഇന്ന് പ്രദര്‍ശിപ്പിച്ചു.സംഘടന വിട്ട തീയറ്റര്‍ ഉടമകളും നിര്‍മാതാക്കളും നാളെ കൊച്ചിയില്‍ നടന്‍ ദിലീപിന്റെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്ന് പുതിയ സംഘടന രൂപീകരിക്കും.
ഒരു മാസം പിന്നിട്ട സിനിമ സമരമാണ് തീയറ്റര്‍ ഉടമകളുടെ സംഘടനയായി എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനെ പിളര്‍പ്പിലേക്ക് നയിച്ചിരിക്കുന്നത്. തിയറ്റര്‍ ഉടമകള്‍ നടന്‍ ദിലീപിന്റെ സാന്നിധ്യത്തില്‍ നാളെ കൊച്ചിയില്‍ പുതിയ സംഘടന രൂപീകരിക്കും. നിലവില്‍ എക്‌സിബിറ്റേഴസ് ഫെഡറേഷന് കീഴിലുള്ള 45 തീയറ്ററുകളിലാണ് വിലക്ക് മറികടന്ന് തമിഴ് ചിത്രം ഭൈരവ പ്രദര്‍ശിപ്പിക്കുന്നത്. ഈ തീയറ്റര്‍ ഉടമകളെല്ലാം യോഗത്തില്‍ പങ്കെടുക്കും. കൂടുതല്‍ തീയറ്റര്‍ ഉടമകളെ കൂടി പുതിയ സംഘടനയില്‍ എത്തിക്കാനാണ് നിര്‍മാതാക്കളുടെ നീക്കം. 350ഓളം തീയറ്ററുകളാണ് ഫെഡറേഷന് കീഴിലുള്ളത്.
ജനുവരി 19ന്, റിലീസ് മുടങ്ങിക്കിടക്കുന്ന മലയാള ചിത്രങ്ങളിലൊന്ന് തീയറ്ററുകളിലെത്തിക്കാനാണ് നീക്കം. മോഹന്‍ലാല്‍ ചിത്രം മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍, സത്യന്‍ അന്തിക്കാട്-ദുല്‍ഖര്‍ ചിത്രം ജോമോന്റെ സുവിശേഷങ്ങള്‍, സിദ്ധിഖ്-ജയസൂര്യ ചിത്രം ഫുക്രി, പൃഥ്വിരാജ് ചിത്രം എസ്ര എന്നിലയുടെ റിലീസാണ് സമരത്തെ തുര്‍ന്ന് തടസ്സപ്പെട്ടിരിക്കുന്നത്. ഇതില്‍ ഏത് ചിത്രം ആദ്യം റിലീസ് ചെയ്യണം എന്നതിലും നാളെ തീരുമാനമുണ്ടാകും. എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്‍റ് ലിബര്‍ട്ടി ബഷീറിന്‍റെ ശക്തികേന്ദ്രമായ മലബാറിലെ തീയറ്റര്‍ ഉടമകളെ പുതിയ സംഘടനയിലേക്ക് ആകര്‍ഷിക്കാനുള്ള നീക്കവും ശക്തമാണ്.
