ദിവ്യ എസ് അയ്യരെ സബ് കളക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റി

First Published 4, Apr 2018, 6:37 PM IST
divya s iyyer removed from sub collector post
Highlights
  • തദ്ദേശസ്വയംഭരണ വകുപ്പിലേക്കാണ് മാറ്റം

തിരുവനന്തപുരം:  വർക്കലയിൽ സർക്കാർ പിടിച്ചെടുത്ത ഭൂമി സ്വകാര്യ വ്യക്തിക്ക് വിട്ടുകൊടുത്തെന്ന ആരോപണത്തിനിടെ തിരുവനന്തപുരം സബ്കളക്ടര്‍ ദിവ്യ എസ് അയ്യര്‍ക്ക് സ്ഥാനമാറ്റം. വിവാദങ്ങള്‍ക്കിടെയാണ് ദിവ്യയെ സബ് കളക്ടര്‍ സ്ഥാനത്തുനിന്ന് നീക്കിയത്. തദ്ദേശസ്വയംഭരണ വകുപ്പിലേക്കാണ് മാറ്റം. 

സർക്കാർ പിടിച്ചെടുത്ത ഭൂമി സ്വകാര്യ വ്യക്തിക്ക് സബ് കളക്ടര്‍ വിട്ടുകൊടുത്തെമന്ന വി. ജോയി എം എൽ എ മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും നൽകിയ പരാതിയെ തുടര്‍ന്ന് ഉത്തരവ് സ്റ്റേ ചെയ്തിരുന്നു. 

വര്‍ക്കല വില്ലേജിലെ ഇലകമണ്‍ പഞ്ചായത്തിലാണ് വിവാദ ഭൂമി. നിയമം അനുസരിച്ച് നോട്ടീസ് നൽകി നടപടി ക്രമങ്ങൾ പൂര്‍ത്തിയാക്കിയായിരുന്നു ഏറ്റെടുക്കൽ. റോഡരികിലെ കണ്ണായ ഭൂമിയിൽ പൊലീസ് സ്റ്റേഷൻ പണിയാനുള്ള നടപടികളുമായി പഞ്ചായത്ത് മുന്നോട്ട് പോകുന്നതിനിടെയാണ് സ്ഥലമുടമ ജെ ലിജി ഹൈക്കോടതിയെ സമീപിച്ചത്. തഹസിൽദാറുടെ നടപടി ഏകപക്ഷീയമാണെന്ന ആക്ഷേപത്തിൽ പരാതിക്കാരിയെ കൂടി കേട്ട് തീര്‍പ്പാക്കാനായിരുന്നു കോടതി നിര്‍ദ്ദേശം. എന്നാൽ തഹസിൽദാറുടെ നടപടി അപ്പാടെ റദ്ദാക്കാനായിരുന്നു സബ് കളക്ടറുടെ തീരുമാനം. 

റീ സര്‍വ്വെ 227 ൽ പെട്ട 27 സെന്റിനെ ചൊല്ലിയാണ് തര്‍ക്കം. തഹസിൽദാറുടെ നടപടി റദ്ദാക്കുന്ന സബ്കളകര്ടറുടെ ഉത്തരവിൽ ഇതെ കുറിച്ച് വ്യക്തമായൊന്നും പറയുന്നില്ല. തീരുമാനമെടുക്കും മുൻപ് തഹസിൽദാറെ കേൾക്കാൻ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. അതേ സമയം കയ്യേറ്റമെന്ന് തെളിയിക്കുന്ന രേഖകൾ ഹാജറാക്കാൻ താലൂക്ക് ഓഫീസിന് കഴിഞ്ഞില്ലെന്നും ലഭ്യമായ രേഖകളെല്ലാം പരിശോധിച്ച് തന്നെയാണ് ഉത്തരവിറക്കിയതെന്നുമാണ് സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ ആരോപണത്തിന് നല്‍കിയ വിശദീകരണം. 

loader