കുവൈറ്റ് സിറ്റി: കുവൈത്തില്‍ ഡിഎന്‍എ പരിശോധന നടത്തുന്നതിന്റെ ഭാഗമായി വിദേശത്ത് നിന്നും ഉപകരണങ്ങള്‍ സര്‍ക്കാര്‍ ഇറക്കുമതി ചെയ്തു. പരിശോധനയ്ക്കായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മൂന്ന് കേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. നിലവില്‍ രാജ്യത്തുള്ള വിദേശികള്‍ക്ക് താമസരേഖ പുതുക്കന്നതിനോടനുബന്ധിച്ചാവും ഡി.എന്‍.എ സാമ്പിളുകള്‍ ശേഖരിക്കുന്നത്.

ഡിഎന്‍എ പരിശോധനയ്ക്ക് ആവശ്യമായ ഉപകരണങ്ങള്‍ വിദേശത്തുനിന്ന് സര്‍ക്കാര്‍ ഇറക്കുമതി ചെയ്തതായി ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ക്രിമിനല്‍ എവിഡന്‍സിനെ ഉദ്ദരിച്ച് റിപ്പോര്‍ട്ടുള്ളത്. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷമാണ് ഡി.എന്‍.എ ഡാറ്റാബാങ്ക് തയാറാക്കാനുള്ള നടപടികള്‍ക്ക് അധികൃതര്‍ തുടക്കമിട്ടത്.

സ്വദേശികള്‍, വിദേശികള്‍, പൗരത്വ രഹിതരായിട്ടുള്ളവര്‍, സന്ദര്‍ശക വിസയിലത്തെുന്നവര്‍ തുടങ്ങി എല്ലാവരുടെയും ഡി എന്‍ എ വിവരങ്ങള്‍ ശേഖരിക്കും. ആദ്യ ഘട്ടത്തില്‍ സ്വദേശികളുടെ ഡി എന്‍ എ പരിശോധനയാവും നടക്കുക. സുരക്ഷക്ക് പുറമെ കൊലപാതകം, വാഹനാപകടം, അഗ്‌നിബാധ എന്നീ വേളയില്‍ അന്വേഷണം എളുപ്പമാക്കാല്‍ ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

ഉമിനീര്‍ വഴിയാണ് ഡി.എന്‍.എ സാമ്പിള്‍ ശേഖരിക്കുക. തെറ്റായ വിവരങ്ങള്‍ നല്‍കുകയോ വ്യാജ സാമ്പിളുകള്‍ സമര്‍പ്പിക്കുകയോ ചെയ്താല്‍ ഏഴു വര്‍ഷം വരെ തടവോ 5,000 ദീനാര്‍ പിഴയോ ശിക്ഷയും ഈ വര്‍ഷം പ്രാബല്യത്തില്‍ വന്ന നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ജനങ്ങളുടെ സ്വകാര്യത ഉറപ്പുവരുത്തി രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് മാത്രമേ വിവരങ്ങള്‍ കൈമാറുകയുള്ളൂവെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.