കാട്ടുപന്നിയെ വെടിവെച്ചതിന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തല്ലിയാല്‍ തിരുച്ചുതല്ലാന്‍ മടിക്കേണ്ടെന്ന് നാട്ടുകാരെ ഉപദേശിച്ചിട്ടുണ്ടെന്നും സിപിഎമ്മിന്റെ തിരുവമ്പാടി എംഎല്‍എ പറഞ്ഞു.

തിരുവനന്തപുരം: കാട്ടുപന്നിയുടെ ഇറച്ചിക്ക് നല്ല രുചിയാണ്. താന്‍ കാട്ടുപന്നിയെ തിന്നിട്ടുണ്ട്. കാട്ടുപന്നിയിറച്ചിയും വാട്ട് കപ്പയും കഴിക്കാന്‍ നല്ല രുചിയാണെന്നും നിമസഭയില്‍ ജോര്‍ജ് എം.തോമസ് എംഎല്‍എ. കാട്ടുപന്നിയെ വെടിവെച്ചതിന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തല്ലിയാല്‍ തിരുച്ചുതല്ലാന്‍ മടിക്കേണ്ടെന്ന് നാട്ടുകാരെ ഉപദേശിച്ചിട്ടുണ്ടെന്നും സിപിഎമ്മിന്റെ തിരുവമ്പാടി എംഎല്‍എ പറഞ്ഞു.

വനംവകുപ്പിന്റെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയിലാണ് എംഎല്‍എ വന്യമൃഗങ്ങളുടെ രുചി വൈവിധ്യത്തെക്കുറിച്ച് സംസാരിച്ചത്. ജോര്‍ജ് എം.തോമസിന്റെ വാദത്തോട് പി.സി.ജോര്‍ജ്ജും യോജിച്ചു. എണ്ണം കൂടുന്നതുകൊണ്ടാണ് ഇവ നാട്ടിലിറങ്ങുന്നതെന്നും ഇങ്ങനെയുള്ള വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലണമെന്നും പി.സി.ജോര്‍ജ് പറഞ്ഞു. 29 ശതമാനം വനവിസ്തൃതിയുള്ള കേരളത്തില്‍ ഇനിയും വനമുണ്ടാക്കണമോ, കാര്‍ബണ്‍ ക്രെഡിറ്റ് ഫണ്ട് വാങ്ങി പുട്ടടിക്കുന്ന രാഷ്ട്രീയക്കാരുള്‍പ്പെടെയുള്ളവരുടെ തട്ടിപ്പാണ് ഇത്തരം വാദങ്ങളെന്നും പി.സി.ജോര്‍ജ് പറഞ്ഞു. 

എന്നാല്‍ കാട്ടുപന്നി കൃഷി നശിപ്പിക്കുന്നുണ്ടെക്കില്‍ കൊല്ലാമെന്നെല്ലാതെ തിന്നാന്‍ അനുവാദമില്ല. കൊന്നാല്‍ തന്നെ വനംവകുപ്പിനെ അറിയിക്കുകയും മഹസര്‍ തയ്യാറാക്കി കത്തിച്ച ശേഷം കുഴിച്ചിടണമെന്നുമാണ് നിയമം. നിയമം ഇങ്ങനെയായിരിക്കെ എംഎല്‍എ നിയമസഭയില്‍ തന്നെ നിയമലംഘനം നടത്താറുണ്ടെന്ന് പറഞ്ഞത് വിവാദമായിരിക്കുകയാണ്.