ആണിയും ഹെയർപിന്നും താലിയും സേഫ്റ്റിപിന്നും ഉൾപ്പെടെയുള്ള വസ്തുക്കളാണ് ഇവരുടെ വയറ്റിലുണ്ടായിരുന്നത്. കഠിനമായ വയറുവേദന മൂലമാണ് യുവതി ആശുപത്രിയിലെത്തിയത്. 

അഹമ്മദാബാദ്: വയറുവേദന മൂലം ആശുപത്രിയിലെത്തിയ യുവതിയുടെ വയറ്റിൽ നിന്നും ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ഒന്നരകിലോ തൂക്കം വരുന്ന വസ്തുക്കള്‍. ആണിയും ഹെയർപിന്നും താലിയും സേഫ്റ്റിപിന്നും ഉൾപ്പെടെയുള്ള വസ്തുക്കളാണ് ഇവരുടെ വയറ്റിലുണ്ടായിരുന്നത്. കഠിനമായ വയറുവേദന മൂലമാണ് യുവതി ആശുപത്രിയിലെത്തിയത്. 

മഹാരാഷ്ട്രയിലെ ഷിർദ്ദി സ്വദേശിനിയായ ഈ സ്ത്രീ മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നയാളാണെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. ഇവരെ മാനസിക രോ​ഗാശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. കഠിനമായി വയറു വേദന അനുഭവപ്പെടുന്നു എന്ന് നിരന്തരം പറഞ്ഞതിനെത്തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിലാണ് ഇവരെ എത്തിച്ചത്. വസ്തുക്കള്‍ വിഴുങ്ങുന്ന അക്യുഫാജിയ എന്ന രോഗത്തിനടിമയാണ് ഈ സ്ത്രീ. 

എക്സ് റേയിലാണ് വയറിനുള്ളിൽ വസ്തുക്കള്‍ കണ്ടെത്തിയത്. രണ്ട് മണിക്കൂർ നീണ്ടു നിന്ന ശസ്ത്രക്രിയയ്ക്കൊടുവിലാണ് വയറിനുള്ളിൽ നിന്നും ഇവ പുറത്തെടുത്തത്. ഏറ്റവും കൂടുതൽ ഉണ്ടായിരുന്നത് സേഫ്റ്റി പിന്നുകളായിരുന്നുവെന്ന് ഡോക്ടർമാർ പറയുന്നു. ഒരു സേഫ്റ്റി പിൻ വയറിനുള്ളിൽ കുത്തിക്കയറിയ നിലയിലായിരുന്നു. വയറ്റിനുള്ളിലുണ്ടായിരുന്ന എല്ലാ വസ്തുക്കളും പുറത്തെടുത്തതായി ഡോക്ടർമാർ അറിയിച്ചു.