തിരുവനന്തപുരം: അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട ഡോക്ടര്‍മാര്‍ ജയില്‍ മോചിതരായി. ഹൈക്കോടതിയുടെ നിര്ദ്ദേശപ്രകാരം തിരുവനന്തപുരം വിജിലന്‍സ് കോടതി പ്രത്യേക സിറ്റിംഗ് നടത്തിയാണ് ജാമ്യം അനുവദിച്ചത്.
ആരോഗ്യ വകുപ്പ് മുന്‍ ഡയറക്ടര്മാരായ ഡോ.രാജന്‍ , ഡോ. ശൈലജ എന്നിവരാണ് ജയില്‍ മോചിതരായത്.പ്രതിരോധ കുത്തിവയ്പ്പ് വാങ്ങിയതിലെ അഴിമതിയില്‍ തിരുവനന്തപുരം വിജിലന്സ് കോടതിയില്‍ അഞ്ചു വര്‍ഷം തടവും പിഴയും വിധിച്ചിരുന്നു. ജയില്‍വാസം ഒഴിവാക്കാനുള്ള ഡോക്ടര്‍മാരുടെ ശ്രമം കോടതി ഇടപെട്ട് തടഞ്ഞു. രണ്ട് ദിവസമാണ് ഡോക്ടമാര്‍ ജയിലില്‍ കിടന്നത്.
വെള്ളിയാഴ്ച ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും ഇവര്‍ക്ക് ജയില്‍ മോചിതരാകാന‍് കഴിഞ്ഞിരുന്നില്ല. ജാമ്യം നടപ്പാക്കേണ്ട തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്‍ജി അവധി ആയതിനാലാണ് ജയില്‍ മോചനം തടസ്സപ്പെട്ടത്. തുടര്‍ന്ന് ഹൈക്കോടതി ഇടപെട്ടു . ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം അവധി ദിവസമായിട്ടും വിജിലന്‍സ് കോടതി പ്രത്യേക സിറ്റിംഗ് നടത്തി ഉത്തരവ് നടപ്പാക്കുകയായിരുന്നു. അപൂര്‍വ്വമായ കോടതി നടപടിയിലൂടെ ഒടുവില്‍ ഡോക്ടര്‍മാര്‍ ജയില്‍ മോചിതരാകുകയായിരുന്നു
