കഴിഞ്ഞ വര്‍ഷം ഡിസംബര്‍ എട്ടിനാണ് ഡൊണാള്‍ഡ് ട്രംപിന്റെ ഈ വിവാദ പ്രസംഗം. പുറത്തിറക്കിയ പ്രസ്താവന വായിക്കുകയായിരുന്നു ട്രംപ്. മുസ്ലീംഗങ്ങളെ രാജ്യത്ത് പ്രവേശിപ്പിക്കരുത് എന്ന് അര്‍ദ്ധശങ്കയ്ക്കിടയില്ലാതെ അന്ന് പറഞ്ഞ ട്രംപിന്റെ നിലപാട് മാറ്റം ഏറെ ശ്രദ്ധേയം. ഫോക്‌സ് റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്റെ പുതിയ നിലപാട് അറിയിച്ചത്. താന്‍ താല്‍കാലിക നിരോധനമാണ് ഉദ്ദേശിച്ചത്. അതുമൊരു നിര്‍ദ്ദേശം മാത്രമായിരുന്നു. ഭീകരത രാജ്യം നേരിടുന്ന വെല്ലുവിളിയായി നിലനില്‍ക്കുന്നത് കൊണ്ടാണ് അങ്ങനെ പറഞ്ഞത്. മറ്റൊരു ദുരുദ്ദേശവും അതിലില്ലായിരുന്നുവെന്നും ട്രംപ് പറയുന്നു. സ്ഥാനാര്‍ത്ഥിത്വം ഉറപ്പായതോടെ പാര്‍ട്ടിക്കുള്ളിലെ എതിര്‍പ്പുകളെ ഇല്ലാതാക്കാനും ട്രംപ് ശ്രമം തുടങ്ങി. മുസ്ലീം വിരുദ്ധ പരാമര്‍ശനത്തിനെതിരെ ശക്തമായി രംഗത്തെത്തിയ പാര്‍ട്ടി പ്രതിനിധിയും യുഎസ് സഭ സ്‌പീക്കറുമായ പോള്‍ റയാനുമായി ട്രംപ് കൂടിക്കാഴ്ച നടത്തി. യോജിക്കാവുന്ന മേഖലകള്‍ ഒരുപാടുണ്ടെന്നും പാര്‍ട്ടിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നും ഇരുവരും സംയുക്ത പ്രസ്താവന ഇറക്കി. അതിനിടെ റോയിട്ടേഴ്‌സ് നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ ട്രംപ് ഹിലരിക്ക് തൊട്ടടുത്തെത്തി. ഹിലരി 41 ശതമാനം വോട്ട് നേടിയപ്പോള്‍ ട്രംപ് 40 ശതമാനം നേടി തൊട്ടുപിറകെ എത്തി. കഴിഞ്ഞയാഴ്ച നടന്ന സര്‍വ്വേയില്‍ ഹിലരി ട്രംപിനെക്കാള്‍ 13 ശതമാനം മുന്നിലായിരുന്നു. സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച സ്ഥിതിക്ക് കൂടുതല്‍ ജനകീയ നിലപാടുകളിലേക്ക് ട്രന്പ് കടക്കുമെന്നാണ് നിരീക്ഷകരുടെ പക്ഷം. അതിന്റെ ഭാഗമായാണ് നിലപാട് മാറ്റമെന്നും നിരീക്ഷകര്‍ കരുതുന്നു.