ന്യൂയോര്‍ക്ക്: പലസ്തീൻ വിഷയത്തിൽ നിർണായക പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റഅ സ്ഥാനാർത്ഥി ഡോണൾഡ് ട്രംപ്. തെരഞ്ഞെടുക്കപ്പെട്ടാൽ ഇസ്രയേൽ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിക്കുമെന്ന് ട്രംപിന്റെ വാഗ്ദാനം. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയിലാണ് ട്രംപിന്റെ പ്രഖ്യാപനം.

ന്യൂയോർക്കിലെ ട്രംപ് ടവറിലെത്തിയാണ് റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കൂടിക്കാഴ്ച നടത്തിയത്. ജറുസലേമിനെ തലസ്ഥാനമായി ഇസ്രയേൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മിക്ക രാജ്യങ്ങളും ടെൽ അവീവാണ് തലസ്ഥാനമായി കണക്കാക്കുന്നത്. ഇസ്രായേലിനെ ശക്തമായി പിന്തുണയ്ക്കുമ്പോഴും 70 വര്‍ഷമായി ജെറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അമേരിക്ക അംഗീകരിച്ചിട്ടില്ല.

ഇതിനിടെയാണ് ജറുസലേമിനെ ഇസ്രയേലിന്റെ അവിഭാജ്യ തലസ്ഥാനമായി അംഗീകരിക്കാമെന്ന ട്രംപിന്റെ വാഗ്ദാനമെന്നത് ശ്രദ്ധേയമാണ്. മുമ്പ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിക്കുമ്പോള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ജോര്‍ജ് ബുഷും സമാനാമായ പ്രഖ്യാപനം നടത്തിയിരുന്നെങ്കിലും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ സുരക്ഷാ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് തീരുമാനം മാറ്റിയിരുന്നു.