അമേരിക്കയില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ വീണ്ടും വോട്ടെണ്ണണമെന്ന ഗ്രീന്‍പാര്‍ട്ടിയുടെ ആവശ്യത്തിനെതിരെ ട്രംപ് ക്യാമ്പ് നിയമ നടപടിയുമായി രംഗത്ത്. വിസ്കോന്‍സിന്‍, പെന്‍സില്‍വാനിയ, മിഷിഗണ്‍ എന്നിവിടങ്ങളില്‍ ‍വോട്ടെണ്ണല്‍ വേണമെന്നാണ് ഗ്രീന്‍പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയായിരുന്ന ജിന്‍ സ്റ്റീനിന്റെ ആവശ്യം. ഇതിനെതിരെ മിഷിഗണ്‍ സ്റ്റേറ്റ് സുപ്രീംകോടതിയില്‍ സമീപിച്ചിരിക്കുകയാണ് ട്രംപ് അനുകൂലികള്‍. വോട്ടെണ്ണലിനെ ട്രംപ് ഭയക്കുകയാണെന്ന് സ്റ്റീന്‍ പരിഹസിച്ചു. 

വോട്ടെണ്ണല്‍ ‍നടന്നാല്‍ തന്നെ അത് പ്രസി‍ഡന്റ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ സാധ്യതയില്ല. ഫലം വന്ന് 35 ദിവസത്തിനകം, അതായത് ഈമാസം 13നകം റീകൗണ്ടിംഗ് പൂര്‍ത്തിയാക്കണമെന്നാണ് അമേരിക്കന്‍ നിയമം. റികൗണ്ടിംഗ് കാമ്പയിനുമായി മുന്നോട്ട് പോകുകയാണ് ഗ്രീന്‍പാര്‍ട്ടി. തെരഞ്ഞെടുപ്പ് ഫലത്തെ മാറ്റുകയല്ല ലക്ഷ്യമെന്നും അമേരിക്കന്‍ തെരഞ്ഞെടുപ്പിന്റെ സമഗ്രതയും കൃത്യതയും പരിശോധിക്കാന്‍ വേണ്ടിയാണ് നീക്കമെന്നുമാണ് ഗ്രീന്‍പാര്‍ട്ടിയുടെ നിലപാട്.