വാഷിംഗ്ടണ്‍: ഭരണസ്തംഭനം തുടരുന്നതിനിടെ ക്രിസ്മസ് രാവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വൈകാരികമായ ട്വീറ്റ്. വൈറ്റ്ഹൗസില്‍ താന്‍ ഏകനായെന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. 

'വൈറ്റ്ഹൗസില്‍ ഞാന്‍ ഒറ്റയ്ക്കായിരിക്കുന്നു (പാവം ഞാന്‍). അതിര്‍ത്തിസുരക്ഷയുടെ കാര്യത്തില്‍ ഡെമോക്രാറ്റുകളുമായി ഒരു ധാരണയിലെത്തുന്നതിനായി കാത്തിരിക്കുകയാണ്...'- ട്രംപ് കുറിച്ചു. 

സുരക്ഷയുടെ ഭാഗമായി മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കാന്‍ ആവശ്യമായതിനെക്കാള്‍ തുക അത് നിര്‍മ്മിച്ചില്ലെങ്കില്‍ രാജ്യത്തിന് നഷ്ടമാകുമെന്നും ഇതിലേക്കാണ് ഡെമോക്രാറ്റുകള്‍ വഴിവയ്ക്കുന്നതെന്നും ട്രംപ് കുറ്റപ്പെടുത്തി. 

 

 

മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയാന്‍ 5 ബില്യണ്‍ യുഎസ് ഡോളര്‍ വേണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടത്. എന്നാല്‍ സെനറ്റില്‍ ഇക്കാര്യം അംഗീകരിക്കാന്‍ ഡെമോക്രാറ്റുകള്‍ കൂട്ടാക്കിയില്ല. ആകെയുള്ള 100 അംഗങ്ങളില്‍ 50 അംഗങ്ങളാണ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളത്. 60 അംഗങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ ആവശ്യം അംഗീകരിക്കപ്പെടും. ഇത് സാധ്യമല്ലെങ്കില്‍ 51 അംഗങ്ങളുടെ പിന്തുണയോടുകൂടി 'ന്യൂക്ലിയര്‍ ഓപ്ഷന്‍' തേടാനായിരുന്നു ട്രംപിന്റെ പദ്ധതി. എന്നാല്‍ ഇതിനോട് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ക്ക് പോലും എതിര്‍പ്പാണെന്നാണ് സൂചന. 

അതിര്‍ത്തിയിലെ മതിലിന്റെ കാര്യത്തില്‍ തീരുമാനം ആകാഞ്ഞതോടെയാണ് ഈ വര്‍ഷത്തെ മൂന്നാമത്തെ ഭരണ പ്രതിസന്ധി ഉടലെടുത്തത്. ഇതോടെ ആഭ്യന്തരം, സുരക്ഷ, വിദേശകാര്യം, ഗതാഗതം, കൃഷി തുടങ്ങി വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഭാഗികമായി നിലച്ചു. തുടര്‍ന്ന് ഓഹരി വിപണിയിലും തകര്‍ച്ചനേരിട്ടു. 

ഇതിനിടെ ഉദ്യോഗസ്ഥരെല്ലാം ക്രിസ്മസ് ആഘോഷിക്കാന്‍ അവരവരുടെ വീടുകളിലേക്ക് മടങ്ങി. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും കുടുംബത്തോടൊപ്പമുള്ള ആഘോഷങ്ങളിലേക്ക് നീങ്ങി. ട്രംപിന്റെ ഭാര്യ മെലാനിയയാകട്ടെ, ക്രിസ്മസ് യാത്രയിലായിരുന്നു. എങ്കിലും തിങ്കളാഴ്ച രാത്രിയോടെ ഇവര്‍ തിരിച്ചെത്തിയിരുന്നു. ഏകാന്തനാണെന്ന് കുറിച്ച ട്വീറ്റിന് പിന്നാലെ, തുടര്‍ന്ന് ട്രംപ് മെലാനിയക്കൊപ്പമുള്ള ക്രിസ്മസ് വിശേഷങ്ങളും പങ്കുവച്ചു.