"ഉത്തർപ്രദേശിലെ പദ്ധതികളെ കുറിച്ച് കോൺഗ്രസിന് ശക്തമായ കാഴ്ചപ്പാടാണ് ഉള്ളത്. ജനങ്ങളെ പാർട്ടി അത്ഭുതപ്പെടുത്തും, "രാഹുൽ പറഞ്ഞു.
ദില്ലി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ ജനങ്ങളെ അതിശയിപ്പിക്കാനുള്ള കഴിവ് പാർട്ടിക്കുണ്ടെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. യു പിയിൽ കോൺഗ്രസിനെ വിലകുറച്ചു കാണരുതെന്നും കോൺഗ്രസിന് ചെയ്യാൻ പലതുണ്ടെന്നും രാഹുൽ പറഞ്ഞു. യു പിയിൽ സമാജ്‌വാദി പാര്‍ട്ടിയുടെയും ബി എസ്പിയുടെയും നിലപാട് അറിയിച്ചതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം. ഗൾഫ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ഉത്തർപ്രദേശിലെ പദ്ധതികളെ കുറിച്ച് കോൺഗ്രസിന് ശക്തമായ കാഴ്ചപ്പാടാണ് ഉള്ളത്. ജനങ്ങളെ പാർട്ടി അത്ഭുതപ്പെടുത്തും, "രാഹുൽ പറഞ്ഞു. മോദിയുടെ പരാജയം ഉറപ്പുവരുത്താൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കും. എന്നാൽ യു പിയിൽ കോൺഗ്രസിനെ വിലകുറച്ചു കാണരുതെന്നാണ് തനിക്ക് പറയാനുള്ളതെന്നും രാഹുൽ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഉത്തർപ്രദേശിൽ ബി ജെ പിയെ പരാജയപ്പെടുത്താൻ സമാജ്‌വാദി പാർട്ടിയും ബി എസ് പിയും ഒരുമിച്ചു മത്സരിക്കുമെന്ന് തീരുമാനിച്ചിരുന്നു. ഇവര്‍ കോണ്‍ഗ്രസിൽ ചേരുകയാണെങ്കില്‍ രണ്ടു സീറ്റുകള്‍ മാത്രമാണ് പാര്‍ട്ടിക്കായി മാറ്റിവെച്ചത്. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.
അതേ സമയം ബി ജെപിയെ താഴേയിറക്കാൻ യുപിയിൽ സ്വാധീനമില്ലാത്ത കോണ്‍ഗ്രസിനെ ആവശ്യമില്ലെന്നായിരുന്നു സമാജ്‌വാദി പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റ് കിരണ്‍മൊയി നന്ദ പറഞ്ഞത്.
