പൊലീസ് നടത്തിയ പരിശോധനയില്‍ വിഷമുള്ളതായി കണ്ടെത്തി

ഇടുക്കി: കുടിവെള്ളത്തില്‍ വിഷം കലര്‍ത്തി സാമൂഹ്യവിരുദ്ധര്‍. വാഴത്തോപ്പ് മണിയാറന്‍ കുടിയില്‍ താഴത്ത് മോളത്ത് വീട്ടില്‍ ജോയി മാത്യുവിന്റെ വീടിന് സമീപത്തെ കുളത്തിലാണ് കഴിഞ്ഞ ദിവസം വിഷം കലര്‍ത്തിയത്. രാവിലെ വീട്ടിലേക്കുള്ള കുടിവെള്ളം ശേഖരിക്കാന്‍ പോയ ജോയിമാത്യു കുളത്തില്‍ വളര്‍ത്തിയിരുന്ന മീനുകള്‍ ചത്തുപൊങ്ങിക്കിടക്കുന്നത് കണ്ടെത്തി. കുളത്തില്‍ വിഷം കലര്‍ത്തിയതാണെന്ന് മനസിലായതോടെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

പൊലീസ് നടത്തിയ പരിശോധനയില്‍ വിഷമുള്ളതായി കണ്ടെത്തി. രണ്ടായിരത്തോളം മീന്‍കുഞ്ഞുങ്ങളും അഞ്ഞൂറ് വളര്‍ച്ചയെത്തിയ മീനുകളുമാണ് ചത്തത്. കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് ഇതേ രീതിയില്‍ പഴയവീട്ടില്‍ ജബ്ബാറിന്റെ കിണറ്റിലും വിഷം കലര്‍ത്തിയിരുന്നു. എന്നാല്‍ സംഭവത്തിലെ പ്രതികളെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. പ്രദേശങ്ങളിലെ കുളങ്ങളില്‍ വ്യാപകമായി വിഷം കലര്‍ത്തുന്ന സാമൂഹ്യവിരുദ്ധര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ഉന്നത പോലീസ് മേധാവിക്ക് പരാതിനല്‍കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.