കൊച്ചി: ദൃശ്യചാരുതയാര്‍ന്ന പ്രകൃതി, ചുറ്റും സമൃദ്ധമായി വെള്ളം. പക്ഷേ പശ്ചിമ കൊച്ചിക്കാര്‍ക്ക് കുടിവെള്ളം കിട്ടാക്കനിയാണ്. വേനല്‍ കടുത്തതോടെ പശ്ചിമ കൊച്ചിക്കാര്‍ കുടിവെള്ളത്തിനായുള്ള നെട്ടോട്ടത്തിലാണ്. ഇടവിട്ടുള്ള ദിവസങ്ങളില്‍ എപ്പോഴെങ്കിലും പൈപ്പിലെത്തുന്ന വെള്ളമാണ് പലയിടത്തും ജനത്തിന്റെ ആശ്രയം.
നാലുപാടും ഉപ്പുവെള്ളമായതിനാല്‍ പൈപ്പിലെത്തുന്ന കുടിവെള്ളം മാത്രമാണ് നാട്ടുകാരുടെ ആശ്രയം. കുടിക്കാന്‍ മാത്രമല്ല മറ്റ് ആവശ്യങ്ങള്‍ക്കും ഈ വെള്ളം തന്നെ വേണം. എന്നാല്‍ എളങ്കുന്നപ്പുഴ, ഞാറയ്‌ക്കന്‍, നായരമ്പലം എന്നിവിടങ്ങളിലെ ഉയര്‍ന്ന മേഖലകളിലും കായലോരത്തും പൈപ്പുകളില്‍ വെള്ളം കണികാണാനില്ല.
കുടിവെള്ളമെത്തിക്കാന്‍ നിരവധി പദ്ധതികളുണ്ടെങ്കിലും പമ്പുചെയ്യുന്നതിന് ഗുണനിലവാരമില്ലാത്തെ പൈപ്പുകള്‍ ഉപയോഗിക്കുന്നതാണ് കുടിവെള്ളം മുടക്കുന്നതെന്നും നാട്ടുകാര്‍ക്ക് പരാതിയുണ്ട്. ദൂരത്തേക്ക് വെള്ളമെത്തിക്കാന്‍ ശക്തിയില്‍ പമ്പ് ചെയ്താല്‍ പൈപ്പ് പൊട്ടുകയും ചെയ്യും.
