കാലവര്‍ഷത്തിന് പിന്നാലെ തുലാവര്‍ഷവും ചതിച്ചു. മണ്‍സൂണ്‍ കാലത്ത് കിട്ടിയത് 34 ശതമാനം മഴ മാത്രം. പിന്നെ പ്രതീക്ഷയുണ്ടായിരുന്ന തുലാ വര്‍ഷത്തില്‍ മഴ ലഭിച്ചത് 38 ശതമാനം മാത്രം. സെപ്തംബറിന് ശേഷം മഴദിനങ്ങള്‍ തീരെ കുറവ്. വേനലിന്റെ വരവറിയിക്കുന്ന കൊടും ചൂടും വരണ്ട കാറ്റും ഇപ്പോഴേ അനുഭവപ്പെട്ടു തുടങ്ങി. പലയിടത്തും മണ്ണ് വരണ്ടുതുടങ്ങി. ഇത്തരമൊരു സ്ഥിതി നൂറുവര്‍ഷത്തിനിടെ ഇതാദ്യമാണ്.
ഒരു ജില്ലയില്‍ പോലും തുലാമഴ വേണ്ട അളവില്‍ കിട്ടിയിട്ടില്ല. കോഴിക്കോട്ട് 82 ശതമാനമാണ് കുറവ്. തിരുവനന്തപുരത്ത് 79 ശതമാനവും കാസര്‍കോട് 78 ശതമാനവും മലപ്പുറത്ത് 74 ശതമാനവും മഴ കുറഞ്ഞു. തൃശൂര്‍, വയനാട്, പാലക്കാട് ജില്ലകളില്‍ 70 ശതമാനത്തിലേറെയാണ് കുറവ്. പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ മാത്രമാണ് സ്ഥിതി അല്‍പ്പം ഭേദം. ഇടവിട്ട് കിട്ടിയേക്കാവുന്ന വേനല്‍ മഴ മാത്രമാണ് ഇനിയുള്ള പ്രതീക്ഷ.
