ഇടുക്കി: മൂന്നാര്‍, അടിമാലി ഭാഗങ്ങളില്‍ നിന്ന് ഒന്നര കിലോ കഞ്ചാവും 1300 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടി. മൂന്നാറില്‍നിന്നു കഞ്ചാവു വില്‍പനക്കാരെയും അടമാലിയില്‍നിന്നു പുകയില മൊത്ത വിതരണക്കാരനെയും പിടികൂടുകയും ചെയ്തു. പൊലീസും എക്സൈസും നടത്തിയ റെയ്ഡിലാണ് ലഹരി വസ്തുക്കള്‍ പിടികൂടിയത്.

 പളളിവാസല്‍ പവ്വര്‍ ഹൗസിനു സമീപം ഹോട്ടലില്‍ ഒളിപ്പിച്ച 35 ഗ്രാം കഞ്ചാവാണ് പൊലീസ് ആദ്യം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഹോട്ടലിലെ തൊഴിലാളി രമേശിനെ അറസ്റ്റു ചെയ്തു. ഇവിടെ എക്‌സൈസ് നടത്തിയ നീക്കത്തിലാണ് ഒന്നര കിലോ കഞ്ചാവ് പിടികൂടിയത്. സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും കഞ്ചാവ് വിറ്റിരുന്ന സുബ്ബയ്യയും അറസ്റ്റിലായി. തമിഴനാട്ടില്‍ നിന്ന് കഞ്ചാവ് വാങ്ങികൊണ്ടുവന്ന് ചെറിയ പൊതികളാക്കി വിറ്റിരുന്ന സുബ്ബയ്യ നേരത്തെയും അറസ്റ്റിലായിട്ടുണ്ട്.

അടിമാലിയില്‍ 1391 ഹാന്‍സ്സ് പാക്കറ്റുകളാണ് ചാറ്റുപാറ സ്വദേശി ബിനോയിയുടെ പക്കല്‍ നിന്ന് പോലീസ് പിടികൂടിയത്. പെട്ടിക്കടയില്‍ വില്‍പനക്കെത്തിച്ച 17 പാക്കറ്റുകള്‍ പിടികൂടിയതിന്റെ തുടര്‍ച്ചയായി നടത്തിയ അന്വേഷണത്തിലാണു ബിനോയിയുടെ രഹസ്യ കേന്ദ്രത്തില്‍നിന്നു നിരോധിത പുകയില ഉല്‍പന്നങ്ങളുടെ ശേഖരം കണ്ടെടുത്തത്.