വീട്ടില്‍ പോയി കറി വച്ച് ഭക്ഷണം കഴിക്കാനായിരുന്നു യുവാക്കളുടെ ഉദ്ദേശം. എന്നാല്‍ വഴിയില്‍ വച്ച് രണ്ട് പേരുടെയും ബോധം നഷ്ടപ്പെടുകയായിരുന്നു
ഹൈദരാബാദ്: മദ്യപിച്ച് ബോധം പോയ രണ്ട് യുവാക്കളുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. ഇവരില്‍ ഒരാള്‍ കഴിച്ച ഭക്ഷണത്തിന്റെ പേരിലാണ് വാദങ്ങളുയര്‍ന്നിരിക്കുന്നത്.
തെലങ്കാനയിലാണ് സംഭവം നടന്നത്. മദ്യപിച്ച് നടക്കാന്‍ പോലുമാകാത്ത വിധത്തിലായപ്പോഴാണ് രണ്ട് യുവാക്കളും വഴിയില്‍ കുത്തിയിരുന്നത്. ഇവരില്‍ ഒരാള്‍ വൈകാതെ തന്നെ മയങ്ങി. രണ്ടാമത്തെ യുവാവിന്റെ കയ്യില്‍ കറി വയ്ക്കാനായി വീട്ടിലേക്ക് വാങ്ങിക്കൊണ്ടുപോവുകയായിരുന്ന കോഴിയുണ്ടായിരുന്നു.
തുടര്‍ന്ന് ഇയാള്‍ കയ്യിലുണ്ടായിരുന്ന കോഴിയെ ജീവനോടെ തന്നെ തിന്നാന്‍ തുടങ്ങുകയായിരുന്നു. സംഭവം കണ്ടുനില്‍ക്കുകയായിരുന്ന വഴിയാത്രക്കാരനാണ് ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്.
സോഷ്യല്‍ മീഡിയകളില്‍ പങ്കുവച്ച ദൃശ്യം വലിയ വാദങ്ങള്‍ക്കാണ് വഴിയൊരുക്കിയത്. അസ്വസ്ഥതയുണ്ടാക്കുന്ന ദൃശ്യമായതിനാല്‍ തന്നെ കൂടുതല്‍ പേര്‍ ഇത് ഷെയര്‍ ചെയ്യാന്‍ തയ്യാറായില്ല. പരാതി കിട്ടിയതിനാല്‍ സംഭവം അന്വേഷിക്കുന്നുണ്ടെന്ന് പൊലീസും അറിയിച്ചു.
